ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസിന് മികച്ച ജയം. ഹോം ഗ്രൗണ്ടിൽ യുവന്‍റസ് യുഡീനിസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ ആണ് മൂന്നുഗോളും യുവന്‍റസ് നേടിയത്. ഇരട്ടഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിന് ജയം ഒരുക്കി. 9, 37 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. ഇതോടെ സീസണിൽ റൊണാള്‍ഡോക്ക് 11 ഗോളായി.

യൂറോപ്പില്‍ കഴിഞ്ഞ 15 സീസണിലും പത്തിലധികം ഗോള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ നേടി. 45-ാം മിനിറ്റിൽ ലിയോണാര്‍ഡോ ബൊണൂച്ചി യുവന്‍റസിനായി മൂന്നാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമിലാണ് യുഡീനിസ് ആശ്വസഗോള്‍ നേടിയത്. ബുധനാഴ്‌ച സാംപ്ദോറിയക്കെതിരെയാണ് യുവന്‍റസിന്‍റെ അടുത്തമത്സരം. ഇന്‍റര്‍മിലാനെ ഫിയോറന്‍റീന സമനിലയിൽ തളച്ചു. ഇന്‍ററിനും യുവന്‍റസിനും 39 പോയിന്‍റ് വീതമുണ്ട്.