അലിയാൻസ്: ഇറ്റാലിയൻ കപ്പ് ഫുട്ബോളിൽ യുവന്റസിന് തകര്‍പ്പന്‍ ജയം. യുഡിനീസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. അലിയാൻസ് സ്റ്റേഡിയത്തിൽ ഡിബാലെയുടെ ചിറകിലേറിയാണ് വീണ്ടും യുവന്റസിന്‍റെ ജയം. കളിയിലുടനീളം മികവ് പുലർത്തി ആധികാരിക ജയമാണ് യുവന്‍റസ് സ്വന്തമാക്കിയത്.

പതിനാറാം മിനുട്ടിൽ ഹിഗ്വയ്‌ന്‍ ഗോൾവേട്ടയക്ക് തുടക്കമിട്ടു. ഡിബാലെ- ഹിഗ്വയ്ൻ കൂട്ടുക്കെട്ടിൽ പിറന്ന ആദ്യഗോൾ. ഇരുപത്തിയാറാം മിനുട്ടിൽ വീണുകിട്ടിയ പെനാൽട്ടി പാഴാക്കാതെ ഡിബാലെ. അമ്പത്തിയേഴാം മിനുട്ടിൽ വീണ്ടും ഹിഗ്വയ്ൻ- ഡിബാലെ കൂട്ടുക്കെട്ട്. ഇത്തവണ വലകുലുക്കിയത് ഡിബാലെ. അറുപതാം മിനുട്ടിൽ മറ്റൊരു പെനാൽട്ടി ഗോളാക്കി മാറ്റി കോസ്റ്റ. ജയത്തോടെ ലീഗിൽ ക്വാർട്ട‌ർ ഫൈനൽ ഉറപ്പിക്കുകയാണ് യുവന്റൻസ്.

അതേസമയം എഫ് എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റ‌ർ യുണൈറ്റഡിന് ജയം. വോൾവെസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റ‍‍ഡ് തോൽപിച്ചത്. അറുപത്തിയേഴാം മിനുട്ടിൽ യുവാൻ മാതയാണ് മാഞ്ചസ്റ്ററിനായി ഗോൾ നേടിയത്. മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വോൾവസിനോട് യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. ജയത്തോടെ മാഞ്ചസ്റ്റ‍ർ യുണൈറ്റഡ് നാലാം റൗണ്ടിലെത്തി.