ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. രണ്ടാം പകുതിയിൽ തപെലോ മസെക്കോ നേടിയ ഗോളാണ് ടീമിന് ചരിത്രവിജയം സമ്മാനിച്ചത്.
മോണ്ടറെയ്: ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ നോക്കൗട്ടില്‍. നിര്‍ണായകമായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ തപെലോ മസെക്കോ നേടിയ ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ജൂണ്‍ 28-ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അടുത്ത റൗണ്ടില്‍ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.
മെക്‌സിക്കോയ്ക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരായ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക പ്രകടിപ്പിച്ച മങ്ങിയ പ്രകടനത്തിന് വിപരീതമായി, വലിയ ഊര്‍ജസ്വലതയോടെയാണ് ഇത്തവണ ടീം കളത്തിലിറങ്ങിയത്. ആരാധകരുടെ ശക്തമായ ആവശ്യപ്രകാരം റെലെബോഹിലെ മൊഫോകെങ്ങിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ കോച്ച് ഹ്യൂഗോ ബ്രൂസിന്റെ തീരുമാനം മത്സരത്തില്‍ നിര്‍ണായകമായി. സ്‌ട്രൈക്കര്‍ എവിഡന്‍സ് മക്‌ഗോപയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ടീമിന്റെ മുന്നേറ്റത്തിന് കരുത്തേകി.
മറുവശത്ത്, പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ സൂപ്പര്‍ താരം സോണ്‍ ഹ്യൂങ്-മിന്നിനെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയ ദക്ഷിണ കൊറിയയുടെ തീരുമാനം അവര്‍ക്ക് വിനയായി. ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 28-ാം മിനിറ്റില്‍ തപെലോ മസെക്കോയ്ക്കും തലന്റെ എംബാതയ്ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിരുന്നു. രണ്ടാം പകുതിയില്‍ ദക്ഷിണ കൊറിയ സോണ്‍ ഹ്യൂങ്-മിന്നിനെ കളത്തിലിറക്കിയെങ്കിലും, 63-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മസെക്കോ വലകുലുക്കി. ഷെപാങ് മൊറേമിയുടെ പാസില്‍ നിന്ന് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെയാണ് താരം ഗോള്‍ നേടിയത്.
മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ദക്ഷിണ കൊറിയ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും, ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് കാത്തുസൂക്ഷിച്ചു. 93-ാം മിനിറ്റില്‍ കൊറിയയുടെ തകര്‍പ്പന്‍ ഹെഡര്‍ തട്ടിയകറ്റിയ വില്യംസ് ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ യായ സിത്തോലെ മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ എതിരില്ലാത്ത മൂന്ന് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു.

