Asianet News MalayalamAsianet News Malayalam

അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു; ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും

കൊവിഡ് നിയന്ത്രങ്ങള്‍ക്കിടെ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളെ വിട്ടുകിട്ടിയ ആശ്വാസത്തിലാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍.

South American world cup qualifier match restarts tomorrow
Author
Caracas, First Published Sep 2, 2021, 10:39 AM IST

കാരക്കാസ്: തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. അര്‍ജന്റീനയും ബ്രസീലും യുറുഗ്വായും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും. കൊവിഡ് നിയന്ത്രങ്ങള്‍ക്കിടെ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളെ വിട്ടുകിട്ടിയ ആശ്വാസത്തിലാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍.

കോപ്പ അമേരിക്ക വിജയത്തിന്റെ തിളക്കത്തില്‍ ലിയോണല്‍ മെസ്സിയുടെ അര്‍ജന്റീന. എതിരാളികള്‍ വെനസ്വേല. മത്സരം പുലര്‍ച്ചെ അഞ്ചരയ്ക്ക്. സസ്‌പെന്‍ഷനിലായ ക്രിസ്റ്റ്യന്‍ റൊമേറോയും ലിയാന്‍ഡ്രോ പരേഡസും ഇല്ലാതെയാവും അര്‍ജന്റീന ഇറങ്ങുക. ഇതുകൊണ്ടുതന്നെ പ്രതിരോധത്തിലും മധ്യനിരയിലും മാറ്റം ഉറപ്പ്. ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനസ് തുടരും. പൗളോ ഡിബാല ടീമില്‍ തിരിച്ചെത്തിയെങ്കിലും ലിയോണല്‍ മെസി, ലൗറ്ററോ മാര്‍ട്ടിനസ്, ഏഞ്ചല്‍ ഡി മരിയ എന്നിവര്‍ മുന്നേറ്റനിരയിലെത്താനാണ് സാധ്യത. 

കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഇറങ്ങുന്ന ബ്രസീലിന് ചിലെയാണ് എതിരാളികള്‍. യോഗ്യതാ റൗണ്ടില്‍ ഇതുവരെ തോല്‍വി അറിയാത്ത ബ്രസീല്‍ ലൂക്കാസ് പക്വേറ്റ, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരെ മുന്നില്‍ നിര്‍ത്തിയാവും ഇറങ്ങുക. വെറ്ററന്‍ താരം ഡാനി ആല്‍വസ് തിരിച്ചെത്തും. മധ്യനിരയുടെ നിയന്ത്രണം കാസിമിറോയ്ക്ക് തന്നെയായിരിക്കും. പരിക്കില്‍ നിന്ന് മുക്താവനാത്ത അലക്‌സിസ് സാഞ്ചസ് ഇല്ലാതെയാണ് ചിലെ ഇറങ്ങുക. 

ഉറുഗ്വായ്ക്ക് പെറുവാണ് എതിരാളികള്‍. സീനിയര്‍ താരങ്ങളായ ലൂയിസ് സുവാരസും എഡിന്‍സന്‍ കവാനിയുടെയും അസാന്നിധ്യം മറികടക്കുകയാണ് യുറുഗ്വായുടെ എറ്റവും വലിയവെല്ലുവിളി. രണ്ട് കളിയും രാവിലെ ആറരയ്ക്ക്. മറ്റ് മത്സരങ്ങളില്‍ കൊളംബിയ, ബൊളിവിയയെയും പരാഗ്വേ, ഇക്വഡോറിനെയും നേരിടും. 

ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റുമായി ബ്രസീലാണ് മേഖലയില്‍ ഒന്നാം സ്ഥാനത്ത്. 12 പോയിന്റുള്ള അര്‍ജന്റീന രണ്ടാമത്. ഇക്വഡോര്‍, യുറുഗ്വായ്, കൊളംബിയ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ചിലെ ഏഴാം സ്ഥാനത്തും.

Follow Us:
Download App:
  • android
  • ios