ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി.സെല്‍റ്റാവിഗോയ്ക്കെതിരെ രണ്ടുതവണ ലീഡെടുത്തിട്ടും ബാഴ്സ സമനില(2-2) വഴങ്ങി. ഇരുപതാം മിനിറ്റിലും 67-ാം മിനിറ്റിലും ലൂയി സുവാരസാണ് ബാഴ്സയെ രണ്ടുവട്ടവും മുന്നിലെത്തിച്ചത്. എന്നാല്‍ 50-ാം മിനിറ്റില്‍ ഫ്യോദോര്‍ സ്മോളോവിലൂടെ ആദ്യം ഒപ്പമെത്തിയ സെല്‍റ്റ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലാഗോ അസ്പാസിലൂടെ സമനില പിടിച്ചു.

ഇഞ്ചുറി ടൈമില്‍ ബാഴ്സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റെഗന്റെ ഗോള്‍ ലൈന്‍ സേവില്ലായിരുന്നുവെങ്കില്‍ ബാഴ്സ തോല്‍വിയിലേക്ക് കൂപ്പുകുത്തുമായിരുന്നു. ടെര്‍ സ്റ്റെഗന്റെ മിന്നും സേവുകളാണ് മത്സരത്തില്‍ ബാഴ്സയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
സമനിലയോടെ പോയന്റ് പട്ടികയില്‍ 32 കളികളില്‍ 69 പോയന്റുമായി മുന്നിലെത്തിയെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച റയലിന് അടുത്ത മത്സരത്തില്‍ ജയിക്കാനായാല്‍ ബാഴ്സയെക്കാള്‍ രണ്ട് പോയന്റ് ലീഡ് സ്വന്തമാക്കാം.

ചൊവ്വാഴ്ച പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ എസ്പാന്യോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരമെന്നത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. മെസ്സിയുടെ 700ാം ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടെങ്കിലും സുവാരസിന്റെ രണ്ട് ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. ഇതോടെ സീസണിലെ മെസ്സിയുടെ അസിസ്റ്റുകളുടെ എണ്ണം പതിനേഴായി. ബാഴ്സയുടെ ആദ്യ ഗോള്‍ പിറന്നത് മെസ്സിയുടെ ബുദ്ധിപൂര്‍വമായ ഫ്രീ കിക്കില്‍ നിന്നായിരുന്നു. 21 മീറ്റര്‍ അകലെ നിന്ന് മെസ്സി ചിപ്പ് ചെയ്തു നല്‍കിയ പന്തിലാണ് സുവാരസ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്.