Asianet News MalayalamAsianet News Malayalam

അവസാന മത്സരത്തിൽ റയലിന് സ്വന്തം മൈതാനത്ത് നാണംകെട്ട തോൽവി

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ ബെറ്റിസാണ് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ നാണംകെടുത്തിയത്

Spanish League Real Madrid FC lost last game in home ground
Author
Madrid, First Published May 20, 2019, 6:36 AM IST

മാഡ്രിഡ്: സ്വന്തം മൈതാനത്ത് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് സ്പാനിഷ് ലീഗിൽ നാണംകെട്ട തോൽവി. മറുപടിയില്ലാത്ത രണ്ട് ഗോളിന് റയൽ ബെറ്റിസാണ് സ്പാനിഷ് വമ്പന്മാരെ തകർത്തത്.  സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിൽ ഈ സീസണിലെ റയലിന്റെ 12-ാം തോല്‍വിയാണ് കുറിക്കപ്പെട്ടത്. തോല്‍വിയോടെ സമീപകാലത്തെ ഏറ്റവും മോശം സീസണിന് റയല്‍ അവസാനം കുറിച്ചു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ ആതിഥേയർ കൂടുതൽ ആക്രമിച്ച് കളിച്ചു. 61-ാം മിനിറ്റില്‍ ലോറന്‍ മൊറോണും 75-ാം മിനിറ്റില്‍ ഹെസെയുമാണ് ബെറ്റിസിനായി വലകുലുക്കിയത്. ഗോൾ പോസ്റ്റിൽ കെയ്ലര്‍ നവാസ് നടത്തിയ മികച്ച സേവുകളാണ് റയലിനെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. തോല്‍വിയോടെ ഈ സീസണില്‍ മൂന്നാമതായാണ് റയല്‍ കളി അവസാനിപ്പിച്ചത്.

സീസണിൽ 38 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റ് നേടിയ ബാഴ്‌സലോണ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന് രണ്ടാം സ്ഥാനത്ത് 76 പോയിന്റാണ് നേടാനായത്. 68 പോയിന്റാണ് റയലിന്റെ സമ്പാദ്യം. 2001- 02 സീസണിനു ശേഷം ഇതാദ്യമായാണ് റയല്‍ 70-ല്‍ താഴെ പോയന്റില്‍ ഒതുങ്ങുന്നത്. തുടർച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടമണിഞ്ഞ ടീമാണ് ഈ നിലയിൽ തകർന്നത്. പരിശീലകരുടെ മാറ്റവും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതും റയൽ മാഡ്രിഡിനെ അടിമുടി ഉലച്ചു കളഞ്ഞു.

Follow Us:
Download App:
  • android
  • ios