മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം അടുത്തിടെ ലാ ലിഗ ക്ലബ്ബായ റയല്‍ സോസിഡാഡുമായി കരാര്‍ ഒപ്പിട്ടിരുന്നു.

മാഡ്രിഡ്: മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം അടുത്തിടെ ലാ ലിഗ ക്ലബ്ബായ റയല്‍ സോസിഡാഡുമായി കരാര്‍ ഒപ്പിട്ടിരുന്നു. അവര്‍ തന്നെയാണ് സില്‍വയുടെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണെന്ന് ഔദ്യോഗികമായി പുറത്തുവിട്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണിനൊടുവിലാണ് സില്‍വി അവസാനിപ്പിച്ചത്. 

സില്‍വ രോഗ ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ലെന്നാണ് സോസിഡാഡ് പുറത്തുവിടുന്ന വിവരങ്ങള്‍. എങ്കിലും താരത്തോട് സ്വയം ഐസൊലേഷനില്‍ പോവാന്‍ ക്ലബ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ താരത്തിന് പ്രീ സീസണും സീസണ്‍ തുടക്കവും നഷ്ടപ്പെട്ടേക്കും. 34കാരനായ സ്പാനിഷ് ദേശീയ താരം ഫ്രീ ട്രാന്‍സ്ഫറിലാണ് സോസിഡാഡിലെത്തിയത്. സിറ്റിയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് സില്‍വ അറിയപ്പെടുന്നത്.

Scroll to load tweet…

നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയായശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബയെ ദേശീയ ടീം ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഫ്രാന്‍സിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സ് പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 14 ദിവസത്തെ ഐസൊലേഷനില്‍ കഴിയുന്ന പോഗ്ബക്ക് നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് പുറമെ അടുത്ത ആഴ്ച തുടങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങളും നഷ്ടമാകുമെന്നാണ് സൂചന. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത മാസം 19ന് ക്രിസ്റ്റല്‍ പാലസിനെതിരായ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിന് പോഗ്ബയുണ്ടാകും.