ലണ്ടന്‍: കൊവിഡ് കാലത്തിനുശേഷം മത്സരങ്ങള്‍ വീണ്ടും തുടങ്ങുമ്പോള്‍ ക്രിക്കറ്റ് പന്തില്‍ പന്തിന്റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ തേക്കാമോ എന്ന ചര്‍ച്ചകള്‍ ഒരുവശത്ത് ചൂടിപിടിക്കുന്നതിനിടെ ഫുട്ബോളിലും തുപ്പല്‍ വലിയ ചര്‍ച്ചാ വിഷയമാകുന്നു.  ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ കളിക്കാര്‍  ഗ്രൗണ്ടില്‍ തുപ്പുന്നത് പതിവാണെങ്കിലും കൊവിഡ് കാലത്തിനുശേഷം ഫിഫ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് പത്രമായ ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ ഗ്രൗണ്ടില്‍ തുപ്പുന്നത് വിലക്കണമെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്ക്  മഞ്ഞക്കാര്‍ഡ് നല്‍കാന്‍ റഫറിയെ ചുമതലപ്പെടുത്തണമെന്നും ഫിഫ മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തുവെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൌണ്ടില്‍ തുപ്പുന്നത് ഫുട്ബോളിലെ പതിവ് ശീലമാണെങ്കിലും കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതത്ര നല്ല ശീലമല്ലെന്ന് ഫിഫ മെഡിക്കല്‍ സംഘത്തിലെ അംഗമായ മൈക്കല്‍ ഡി ഹൂഗെ പറഞ്ഞു.

Also Read:കൊവിഡ് ഇഫക്ട്: ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ തേക്കുന്നതിന് പകരം ചുരണ്ടല്‍ നിയമവിധേയമാക്കിയേക്കും

അതുകൊണ്ടുതന്നെ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഗ്രൌണ്ടില്‍ തുപ്പുന്ന ശീലം കളിക്കാര്‍ പരമാവധി ഒഴിവാക്കണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ റഫറിയ്ക്ക് അധികാരം കൊടുക്കണമെന്നും ഹൂഗെ പറഞ്ഞു. ഇക്കാര്യം വിവിധ രാജ്യങ്ങളിലെ ലീഗ് അധികൃതരെയും ഫുട്ബോള്‍ അസോസിയേഷനുകളെയും ഫിഫ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. 

 Also Read:പന്തില്‍ തുപ്പല്‍ പുരട്ടരുതെന്ന് അന്നേ ഞാന്‍ പറഞ്ഞു, അവര്‍ പുച്ഛിച്ച് തള്ളി; ഇപ്പോഴെന്തായെന്ന് അക്തര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണില്‍ പുനരാരാംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് അധികൃതര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ചെറിയ രീതിയില്‍ പരിശീലനം പുനരാരാംഭിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കളിക്കാര്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.