തൃശൂര്‍: പതിമൂന്ന് വര്‍ഷം ഇന്ത്യയ്‌ക്ക് വേണ്ടി ഫു‍ട്ബോള്‍ കളിച്ചിട്ടും കൂലിപണിക്ക് പോകുന്ന ബിനീഷ് ബാലന് സഹായഹസ്തവുമായി നിരവധി പേര്‍. ബിനീഷിന് ജോലി നല്‍കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. സര്‍ക്കാര്‍ ജോലി കിട്ടും വരെ തൻറെ ഓഫീസില്‍ ജോലി നല്‍കാമെന്നാണ് അനില്‍ അക്കര എംഎല്‍എയുടെ വാഗ്ദാനം. ബിനീഷിൻറെ മോശം ജീവിതാവസ്ഥയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.

ചര്‍ച്ചില്‍ ബ്രദേഴ്സ് ഉള്‍പ്പെടെ പ്രമുഖ ഫുട്ബോള്‍ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ പ്രതാപകാലം. പരുക്കിനെ തുടര്‍ന്ന് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ തകര്‍ന്നുപോയ വീട്ടിലെ സാമ്പത്തികാവസ്ഥ. ഇപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കൂലിപണിക്കു പോകുകയാണെന്ന് ബിനീഷ് ബാലൻ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തപ്പോള്‍ നിരവധി പേരാണ് സഹായവുമായി എത്തിയത്. ജോലി നല്‍കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന കായികമന്ത്രി ഇ പി ജയരാജൻറെ വാക്കുകള്‍ ബിനീഷിനും കുടുംബത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

അടുത്ത മാസം ഒന്ന് മുതല്‍ വടക്കാഞ്ചേരിയിലെ എംഎല്‍എ ഓഫീസില്‍ ജോലിക്ക് വരാമെന്ന് അനില്‍ അക്കര ബിനീഷിനെ അറിയിച്ചിട്ടുണ്ട്. ടി എൻ പ്രതാപൻ എംപിയും പിന്തുണയുമായി എത്തിയിട്ടുണ്ട്. വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പേര്‍ ബിനീഷിന് സാമ്പത്തികസഹായം വാദ്ഗാനം ചെയ്തിട്ടുണ്ട്. 31 കാരനായ ബിനീഷ് പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ബിനീഷിൻറെ ജിവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

ഇന്ത്യക്കായി അണ്ടര്‍ 14, 19 വിഭാഗങ്ങളില്‍ വിവിധ ബൂട്ടുകെട്ടിയ ബിനീഷ് ബാലന്‍ ചര്‍ച്ചില്‍ ബ്രദേര്‍സ് അടക്കമുള്ള വമ്പന്‍ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. കരാര്‍ തുക പലപ്പോഴും കൃത്യമായി ലഭിക്കാതെ വന്നതാണ് ബിനീഷിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. പരിക്കും മൂലം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നതും തിരിച്ചടിയായി. 2004ല്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെയായിരുന്നു 15-ാം വയസില്‍ ബിനീഷ് കരിയര്‍ ആരംഭിച്ചത്.