ലിയോണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തി മത്സരം കളിക്കുമെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി കേരളത്തില്‍ എത്തുന്നത് ആരാധകര്‍ക്കുള്ള ഓണസമ്മാനമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങൾ നടത്തുമെന്നും മന്ത്രി വി അബ്‌ദുറഹിമാൻ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ജേതാക്കളാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം. 

ലിയോണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഇന്ന് സ്ഥിരീകരിച്ചത്. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്‍റീനന്‍ ഫുട്ബോൾ ടീമിന്‍റെ കേരളത്തിലെ മത്സരം. മെസിയുടെ വരവ് സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹിമാൻ സ്ഥിരീകരിച്ചു. കേരളത്തിലെ മത്സരത്തിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്‍റീന ഫുട്ബോൾ ടീം വൃത്തങ്ങള്‍ അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

‘അർജന്‍റീന ഫുട്ബോള്‍ ടീം കേരത്തിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ രാത്രിയാണ് എഎഫ്എയില്‍ നിന്ന് അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരം. മെസിയെ ഇഷ്‌ടപ്പെടുന്നവർക്ക് അദേഹത്തിന്‍റെ മത്സരം കാണാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. അർജന്‍റീന ഫുട്ബോള്‍ ടീമുമായി കളിക്കാൻ പല ടീമുകളും സന്നദ്ധത അറിയിക്കുന്നു. ഓസ്ട്രേലിയൻ ടീം ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്’- എന്നും മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു.

2011 സെപ്റ്റംബറിലാണ് ലിയോണല്‍ മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live