മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബ്രെന്റ്‌ഫോര്‍ഡ് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ആഴ്‌സനലിനോട് തോറ്റെങ്കിലും ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ലണ്ടന്‍: ചെറിയ ടീമുകളുടെ മിന്നും പ്രകടനമാണ് പ്രീമിയര്‍ ലീഗിനെ അപ്രവചനീയമാക്കുന്നത്. ഇത്തവണ കരുത്തരെ മുട്ടുകുത്തിച്ച് ശ്രദ്ധ നേടുകയാണ് ബ്രെന്റ് ഫോര്‍ഡ്. ബ്രെന്റ് ഫോര്‍ഡിന്റെ കുത്തേറ്റ് ലിവര്‍പൂളും വീണതോടെ ഇംഗ്ലണ്ട് ഉറപ്പിക്കുകയാണ്. കുഞ്ഞന്‍ടീമുകളെ ഏറെ കരുതിയിരിക്കണം. പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പേടിസ്വപ്നമാണ് ഇന്ന് ബ്രെന്റ്‌ഫോര്‍ഡ്. ആഴ്‌സനല്‍ ഒഴികെ മറ്റ് അഞ്ച് ടീമുകളും ബ്രെന്റ് ഫോര്‍ഡിന് മുന്നിലെത്തിയപ്പോള്‍ നിരാശയോടെയാണ് കളംവിട്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബ്രെന്റ്‌ഫോര്‍ഡ് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ആഴ്‌സനലിനോട് തോറ്റെങ്കിലും ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇത്തിഹാദിലെത്തിയപ്പോള്‍ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്. ടോട്ടനവും കഷ്ടിച്ചാണ് ബ്രെന്റ്‌ഫോര്‍ഡിനോട് രക്ഷപ്പെട്ടത്. രണ്ട് ഗോളിന് പിന്നിലായ ശേഷം ടോട്ടനം സമനില പിടിക്കുകയായിരുന്നു.
ഒടുവില്‍ ലിവര്‍പൂളും കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ കയ്പുനീര്‍ കുടിച്ചു. എഫ്എ കപ്പ് പോരില്‍ മറ്റന്നാള്‍ വെസ്റ്റ്ഹാമും ബ്രെന്റ് ഫോര്‍ഡിനെ കരുതിയിരിക്കണമെന്ന് ചുരുക്കം. ചെല്‍സിക്കും മുന്നില്‍ ഒന്‍പതാം സ്ഥാനത്തുണ്ട് നിലവില്‍ ബ്രെന്റ് ഫോര്‍ഡ്. സൗദി അറേബ്യന്‍ കമ്പനിയേറ്റെടുത്ത ശേഷം ഉജ്വലപ്രകടനം കാഴ്ചവയ്ക്കുന്ന ന്യുകാസില്‍ യുണൈറ്റഡും കരുത്തര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 35 പോയിന്റുള്ള ന്യുകാസിലാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. ആദ്യപത്തിലുള്ള ഫുള്‍ഹാം, ബ്രൈറ്റണ്‍ ടീമുകളും ഈ സീസണില്‍ പുറത്തെടുക്കുന്നത് മിന്നും പ്രകടനം.
അതേസമയം, ന്യൂകാസില്‍ യുണൈറ്റഡ് യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങുമെന്ന വാര്‍ത്ത നിഷേധിച്ച് ക്ലബ് മാനേജര്‍ എഡി ഹോ രംഗത്തെത്തി. സൗദി ക്ലബ് അല്‍ നസറുമായുള്ള കരാറില്‍ ന്യൂ കാസിലില്‍ ചേരാനുള്ള ഉപാധിയുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന്യൂകാസില്‍ മാനേജര്‍ എഡി ഹോയുടെ വിശദീകരണം. റൊണാള്‍ഡോയെ ന്യൂകാസിലുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തയില്‍ അടിസ്ഥാനം ഒന്നുമില്ലെന്ന് ഹോ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ന്യൂകാസിലിലേക്ക് പോകുമോ? മറുപടി നല്‍കി ക്ലബ് മാനേജര്‍ എഡി ഹോ
