ടൂറിന്‍: ഇറ്റാലിയന്‍ ലീഗില്‍ കിരീട പ്രതീക്ഷ ശക്തമാക്കി യുവന്റസ്. ടൊറീനോയെ ഒന്നിനെതിരെ നാല് ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്.  പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജുവാന്‍ കുഡ്രാഡോ എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ എതിര്‍താരത്തിന്റെ ദാനമായിരുന്നു. 

ഡിബാല തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഗോള്‍ നേടുന്നത്. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ഫ്രീകിക്ക് ഗോളായിരുന്നു മത്സരത്തിലെ പ്രത്യേകത. യുവന്റസിനായി ആദ്യമായിട്ടാണ് ക്രിസ്റ്റ്യാനോ ഫ്രീകിക്ക് ഗോള്‍ നേടുന്നത്. ഇതിന് മുമ്പുള്ള 42 ശ്രമത്തിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായിരുന്നില്ല. സീസണില്‍ റൊണാള്‍ഡോയുടെ 25ആം ഗോളാണിത്.

മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലാസിയോയെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മിലാന്റെ ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് ഏഴ് പോയിന്റ് ലീഡായി. 30 മത്സരങ്ങളില്‍ 75 പോയിന്റാണ് യുവന്റസിന്. ലാസിയോക്ക് 68 ഉം. മിലാന്‍ ആറാം സ്ഥാനത്താണ്.