മുംബൈ: സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് കൂടുതല്‍ കായിക താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മയും നേരത്തെ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയും സംഭവത്തിന്റെ ഗൗരവം മനസിലാക്കി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

ഈ കൃത്യം ചെയ്ത വികൃത ജന്തുക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഛേത്രി പറഞ്ഞത്. അദ്ദേഹം തുടര്‍ന്നു... ''വയറ്റിലൊരു കുഞ്ഞുമായി വന്ന നിരുപദ്രവകാരിയായിരുന്നു അവള്‍. കൃത്യം ചെയ്ത വികൃത ജന്തുക്കള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതിയോട് നമ്മള്‍ വീണ്ടും വീണ്ടും തോല്‍ക്കുകയാണ്. മനുഷ്യ ഗണത്തിന്റെ വളര്‍ച്ചയാണ് ഈ കാണുന്നത്.'' ഛേത്രി പറഞ്ഞു.

ഐസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ''ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരതയെ കുറിച്ചറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. നമ്മള്‍ പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റേയും വിശ്വസ്തതയുടേയും പ്രതീകമായി കാണുന്ന ആന നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. ഈ ക്രൂരതയ്‌ക്കെതിരെ നിലകൊള്ളേണ്ടതുണ്ട്.'' ബ്ലാസ്റ്റേഴ്സിന്റെ കുറിപ്പില്‍ പറയുന്നു.

രോഹിത് ശര്‍മ ട്വിറ്ററിലാണ്അഭിപ്രായം വ്യക്തമാക്കിയത്. ട്വീറ്റ് ഇങ്ങനെ... ''നമ്മളാരും പരിഷ്‌കൃതരല്ല. ഒന്നും പഠിക്കുന്നില്ല. കേരളത്തില്‍ ആനയ്ക്ക് സംഭവിച്ചത് ഹൃദയം തകര്‍ക്കുന്നതാണ്. ഒരു വന്യജീവിയും ക്രൂരതയ്ക്ക് ഇരയാവാന്‍ പാടില്ല.'' രോഹിത് കുറിച്ചിട്ടു.

മൃഗങ്ങളോട് അല്‍പം കൂടി സ്നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും കോലി ട്വിറ്ററില്‍ കുറിച്ചിരുന്നു.