ഭുവനേശ്വര്‍: ഐഎസ്‌എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ യോഗ്യതാ മത്സരം പോലും കടക്കാനായില്ല. യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിന്‍റെ ചുണക്കുട്ടികള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. അമര്‍ജിത്ത് കിയാം ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.  

ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ച് ആരോസ് ലീഡെടുത്തു. 38-ാം മിനുറ്റില്‍ അമര്‍ജിത്ത് കിയാമിന്‍റെ ഗോള്‍ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയുടെ നിമിഷങ്ങള്‍. 76-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് കൈകൊണ്ട്പന്ത് തട്ടിയകറ്റിയതിന് പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് ചുവപ്പ് കാര്‍ഡ്. ഇതേസമയം ആരോസിനായി അമര്‍ജിത്ത് എടുത്ത പെനാല്‍റ്റി ധീരജ് സിംഗിനെ കാഴ്‌ചക്കാരനാക്കി വലയിലെത്തി. 

പിന്നാലെ 83-ാം മൂന്നാം മിനുറ്റില്‍ ആരോസ് താരം ജിതേന്ദ്രയും ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങി. കുറ്റം ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാനെ വീഴ്‌ത്തിയത്. എന്നാല്‍ ഫ്രീ കിക്കെടുത്ത പോപ്ലാറ്റ്‌നിക്കിന് ലക്ഷ്യം കാണാനായില്ല. പിന്നീട് 10 പേരുമായി ഇരു ടീമും കളിച്ചപ്പോള്‍ വിജയം ആരോസിനൊപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് യോഗ്യത നേടാതെ മടങ്ങുകയും ചെയ്തു. യുവ താരങ്ങളുടെ സംഘമായ ആരോസിനായി മലയാളി താരം രാഹുല്‍ മിന്നി.