Asianet News MalayalamAsianet News Malayalam

സൂപ്പര്‍ ലീഗ് കേരള സൂപ്പര്‍ പാസ് തിരുവനന്തപുരത്ത് ദ്വിദിന പര്യടനം നടത്തി

ചെണ്ടമേളത്തോടെ സ്വീകരിച്ച സൂപ്പര്‍ പാസിന് നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളുടെ മനോഹരമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.

Super League Kerala Super Pass toured Thiruvananthapuram for two days
Author
First Published Sep 4, 2024, 10:18 PM IST | Last Updated Sep 4, 2024, 10:17 PM IST

തിരുവനന്തപുരം: ഫുട്ബോള്‍ ആരാധകര്‍ ഏറെക്കാത്തിരുന്ന സൂപ്പര്‍ പാസ് സംസ്ഥാന തലസ്ഥാനത്ത് ദ്വിദിന പര്യടനം നടത്തി. സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിച്ച ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ഫുട്‌ബോള്‍ ആരവോത്സവം സൃഷ്ടിച്ചു. കനത്ത മഴയെ അവഗണിച്ച് കുടുംബങ്ങളും കുട്ടികളും അടങ്ങിയ ആരാധകവൃന്ദം ഫുട്ബോള്‍ ആവേശം നെഞ്ചിലേറ്റി. മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ഗൗരി പാര്‍വതി ബായി തമ്പുരാട്ടി കവടിയാര്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം, പ്രധാനപ്പെട്ട പരിപാടി പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്, പാളയം ഇമാം വി പി സുഹൈബ് മൗലവി, പാളയം പള്ളി വികാരി ഫാ. വില്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്ന് കിക്ക്ഓഫ് ചെയ്തു. കൊമ്പന്‍ എഫ്സിയുടെ നിക്ഷേപകരായ ടി.ജെ മാത്യു, ഡോ. എം.ഐ സഹദുള്ള, കെ സി ചന്ദ്രഹാസന്‍, ജി വിജയരാഘവന്‍, ആര്‍ അനില്‍കുമാര്‍, സിഇഒ എന്‍ എസ് അഭയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ ദിനത്തില്‍ സൂപ്പര്‍ പാസ് ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായും കനകക്കുന്ന് കൊട്ടാരത്തില്‍ വൈകുന്നേരം പൊതുജനങ്ങള്‍ക്കായും പരിപാടി സംഘടിപ്പിച്ചു. രണ്ടാം ദിനത്തില്‍ കോവളം എഫ് സിയുടെ സ്റ്റേഡിയത്തില്‍ നടത്തി പരിപാടി വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഹൃദയം കവര്‍ന്നു.

ചെണ്ടമേളത്തോടെ സ്വീകരിച്ച സൂപ്പര്‍ പാസിന് നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളുടെ മനോഹരമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അലങ്കാരക്കുടകളും കൊമ്പന്റെ മുഖംമൂടിയും മറ്റും പാസിന് മാറ്റുകൂട്ടി. 'ഓഗസ്റ്റ് 17 മുതല്‍ ഞങ്ങള്‍ 11 ജില്ലകളിലൂടെ യാത്ര ചെയ്തു. ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച അനുഭവത്തെ കടത്തിവെട്ടുന്നതായിരുന്നു കോവളം എഫ്സിയില്‍ സൂപ്പര്‍ പാസിന് ലഭിച്ച സ്വീകരണം,' എസ്എല്‍കെയുടെ പ്രൊമോഷണല്‍ ടൂറിന് നേതൃത്വം നല്‍കുന്ന ഫൈസുലിദ്ദീന്‍ റാസ്മാറ്റാസ് പറഞ്ഞു. 

ടെക്നോപാര്‍ക്കില്‍ ഉച്ചഭക്ഷണ സമയത്തില്‍ ജീവനക്കാരുമായി സൂപ്പര്‍ പാസ് പന്തുതട്ടി. ലുലു മാളിലെ സമാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ധാരാളം ആളുകള്‍ എത്തി. ഫ്രീസ്‌റ്റൈല്‍ തന്ത്രങ്ങള്‍, ഒറ്റക്കാലില്‍ ജഗ്ലിങ്, ഷൂട്ടൗട്ടുകള്‍, നൈപുണ്യ പ്രദര്‍ശനം, ലക്ഷ്യത്തിലേക്ക് ഗോളടിക്കുക, കര്‍വ് ബോള്‍ തുടങ്ങിയ ഇനങ്ങള്‍ സൂപ്പര്‍പാസില്‍ ഉണ്ടായിരുന്നു.

ടെക്നോപാര്‍ക്ക്, മൈലത്തിലെ ജിവി രാജ സ്പോര്‍ട്സ് സ്‌കൂള്‍, അരുമാനൂര്‍ എംവിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ ടെക്കികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സൂപ്പര്‍പാസ് നടത്തിയപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലും വൈവിദ്ധ്യമാര്‍ന്ന ജനവിഭാഗം ആവേശപന്ത് തട്ടി.

ഓഗസ്റ്റ് 17-ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച സൂപ്പര്‍ പാസ് ഇതുവരെ 1200 കിലോമീറ്ററുകള്‍ സഞ്ചരിച്ച് 1000 കിലോമീറ്ററെന്ന ആദ്യലക്ഷ്യത്തെ മറികടന്നു. സെപ്തംബര്‍ 7-ന് കൊച്ചയില്‍ എത്തും. തിരുവനന്തപുരം മേഖലയിലെ ഫുട്ബോള്‍ ആരാധകരെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുകയെന്ന കൊമ്പന്‍ എഫ്സിയുടെ ലക്ഷ്യത്തെ സൂപ്പര്‍പാസിന്റെ വിജയകരമായ നടത്തിപ്പ് സാക്ഷാത്കരിച്ചു.

കൊമ്പന്മാരെക്കുറിച്ച്
സംസ്ഥാന തലത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് ആയ തിരുവനന്തപുരം കൊമ്പന്‍സ് ഫുട്ബോള്‍ ക്ലബ് കളിയോട് താല്‍പര്യമുള്ളതും പ്രമുഖരുമായ ടി.ജെ മാത്യു, കെ.സി ചന്ദ്രഹാസന്‍, ഡോ എം.ഐ സഹദ്ദുള്ള, ജി.വിജയരാഘകന്‍, ആര്‍. അനില്‍കുമാര്‍, എന്‍.എസ് അഭയ കുമാര്‍ എന്നിവരുടെ സ്വപ്നസാഫല്യമാണ്. ഭാവയിലേക്കുള്ള മികച്ച പദ്ധതിയുള്ള പദ്ധതിയാണിത്. കൊമ്പന്‍സ് എഫ്സി നഗരത്തില്‍ ഈ ഗെയിമിനുണ്ടായിരുന്ന പ്രതാപത്തെ തിരിച്ചു പിടിക്കുകയും ഫുട്ബോള്‍ സംസ്‌കാരം വളര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാര്‍ക്ക് അവരുടെ പ്രതിഭ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രൊഫഷണല്‍ വേദി കൊമ്പന്‍സ് ഒരുക്കിനല്‍കുന്നു. സംസ്ഥാനത്തുടനീളമുള്ള ആറ് ഫ്രാഞ്ചൈസികളില്‍ ഒന്നായ കൊമ്പന്‍സ് നഗരത്തിലെ കളിക്കാര്‍ക്കും ആരാധാകര്‍ക്കും കൂടാതെ ബന്ധപ്പെട്ട മേഖലകളായ ടൂറിസം, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, ബിസിനസ് എന്നിവയ്ക്കെല്ലാം ഒരുപോലെ ലോകോത്തര അനുഭവം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios