ജിദ്ദ: സ്‌പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ ബാഴ്‌സലോണയെ തോൽപിച്ച് അത്‍ലറ്റിക്കോ മാഡ്രിഡ് ഫൈനലിൽ. സൗദിയിൽ നടന്ന രണ്ടാം സെമിയിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അത്‍ലറ്റിക്കോയുടെ ജയം. ലിയോണല്‍ മെസിയും ലൂയി സുവാരസും അന്‍റോയിൻ ഗ്രീസ്‌മാനും അടക്കമുള്ള വമ്പന്‍മാര്‍ അണിനിരന്ന മത്സരത്തിലായിരുന്നു ബാഴ്‌സലോണയുടെ തോല്‍വി. 

കളി തീരാൻ നാല് മിനുട്ട് മുൻപ് ഏഞ്ചൽ കൊറേയ നേടിയ ഗോളാണ് അത്‍ലറ്റിക്കോയ്‌ക്ക് ജയം സമ്മാനിച്ചത്. കോക്കേ 46-ാം മിനുറ്റിലും പെനാല്‍റ്റിയിലൂടെ അൽവാരോ മൊറാട്ട 81-ാം മിനുറ്റിലും അത്‍ലറ്റിക്കോയ്‌ക്കായി ഗോൾ നേടി. ലിയോണൽ മെസി(51), അന്‍റോയിൻ ഗ്രീസ്‌മാൻ(62) എന്നിവരാണ് ബാഴ്‌സയുടെ ഗോൾ നേടിയത്.

ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡിനെ അത്‍ലറ്റിക്കോ നേരിടും. വലന്‍സിയയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചാണ് റയല്‍ സൂപ്പര്‍ കോപ്പ ഫൈനലിലെത്തിയത്. ഗാരെത് ബെയ്‌ല്‍, കരിം ബെന്‍സേമ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ റയലിന്‍റെ വിജയം മധ്യനിര താരങ്ങളുടെ മികവിലായിരുന്നു. 15-ാം മിനുറ്റില്‍ ടോണി ക്രൂസ് തുടക്കമിട്ടപ്പോള്‍ ഇസ്‌കോ 39-ാം മിനുറ്റിലും മോഡ്രിച്ച് 65-ാം മിനുറ്റിലും വലചലിപ്പിച്ചു. ഇഞ്ചുറിടൈമില്‍(90+2) പെനാല്‍റ്റിയിലൂടെ ഡാനി പരേജോയുടെ വകയായിരുന്നു വലൻസിയയുടെ ആശ്വാസ ഗോൾ.