പേര് മാറ്റാനുള്ള നിർദ്ദേശം കായിക മന്ത്രാലയത്തിന് അയക്കുകയാണ്. ഇതൊരു വലിയ പ്രക്രിയയാണ്, അതിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി കഴിഞ്ഞു.

ദില്ലി: ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനിടെ പേര് മാറ്റത്തിനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗം അംഗീകാരം നൽകി. ഇതിന്‍റെ ഭാഗമായി ഫെഡറേഷൻ ഉടൻ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ‌പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കായിക മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ അന്തിമ അനുമതിക്കായി ഫിഫയെ സമീപിക്കുമെന്നും ചൗബെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പേര് മാറ്റാനുള്ള നിർദ്ദേശം കായിക മന്ത്രാലയത്തിന് അയക്കുകയാണ്. ഇതൊരു വലിയ പ്രക്രിയയാണ്, അതിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി കഴിഞ്ഞു. മന്ത്രാലയം ഇത് അംഗീകരിച്ചില്ലെങ്കിലോ മറ്റെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയാലോ ഈ നീക്കവുമായി മുന്നോട്ട് പോകില്ല. എന്നാൽ മന്ത്രാലയം അംഗീകരിക്കുകയാണെങ്കിൽ, ഞങ്ങൾ ഇത് വീണ്ടും ജനറൽ ബോഡിയിൽ കൊണ്ടുവരികയും തുടർന്ന് ഫിഫയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്യും-കല്യാൺ ചൗബേ വ്യക്തമാക്കി. തുർക്കി (Turkey എന്നത് Turkiye എന്നാക്കിയത്), ചെക്ക് റിപ്പബ്ലിക് (Czechia എന്നാക്കിയത്) തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകളുടെ പേര് മാറ്റിയ അന്താരാഷ്ട്ര മാതൃകകൾ ചൂണ്ടിക്കാണിച്ചാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ ഈ പുതിയ നീക്കത്തിന് തുടക്കമിട്ടത്.

ഐഎസ്എൽ സീസൺ സെപ്റ്റംബർ 4 മുതൽ

പേരുമാറ്റത്തിന് പുറമെ ഇന്ത്യൻ ആഭ്യന്തര ഫുട്ബോൾ കലണ്ടറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും ജനറൽ ബോഡി യോഗത്തിൽ പാസാക്കി. വരാനിരിക്കുന്ന 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ 4-ന് ആരംഭിക്കാൻ യോഗം അനുമതി നൽകി. 14 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ഐഎസ്എൽ ഹോം, എവേ മത്സരങ്ങളോടെ പൂർണ്ണമായ ഏഴ് മാസം നീണ്ടുനിൽക്കും.ഐഎസ്എല്ലിന്‍റെ പുതിയ ഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നത് 5 ക്ലബ് പ്രതിനിധികളും, 3 എഐഎഫ്എഫ് ഭാരവാഹികളും, 3 കൊമേഴ്സ്യൽ പാർട്ണർമാരും അടങ്ങുന്ന മാനേജിംഗ് കമ്മിറ്റിക്ക് വിട്ടു. ക്ലബുകളുമായി ചർച്ച നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനം വരിക. നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്, 2025' പ്രകാരം ഫെഡറേഷന്‍റെ ഭരണഘടന പരിഷ്കരിക്കാനും യോഗം ഔദ്യോഗികമായി അംഗീകാരം നൽകി.

വാണിജ്യ അവകാശങ്ങളെച്ചൊല്ലി തര്‍ക്കം

ഈ വർഷം ആദ്യം എഐഎഫ്എഫ് വിളിച്ച ടെൻഡറിൽ ലണ്ടൻ ആസ്ഥാനമായുള്ള ജീനിയസ് സ്പോർട്സ് ആണ് ഐഎസ്എല്ലിന്‍റെ വാണിജ്യ അവകാശങ്ങൾക്കായി ഏറ്റവും ഉയർന്ന തുക ലേലം വിളിച്ചത്. അടുത്ത 15+5 വർഷത്തേക്ക് ഐഎസ്എല്ലിനും പുതിയൊരു ടൂർണമെന്‍റിനുമായി 2,129 കോടി രൂപയാണ് അവർ വാഗ്ദാനം ചെയ്തത് (പ്രതിവർഷം ഏകദേശം 64 കോടി രൂപ). ഈ വരുമാനം പങ്കിടുന്ന മാതൃക അനുസരിച്ച് ആദ്യവർഷം എഐഎഫ്എഫിന് 12.4 കോടി രൂപ ലഭിക്കും. കൂടാതെ ഐഎസ്എൽ ക്ലബുകളിൽ നിന്ന് പ്രത്യേക എൻട്രി ഫീ ഈടാക്കാനും ഫെഡറേഷൻ ആലോചിച്ചിരുന്നു. എന്നാൽ 'ജീനിയസ് സ്പോർട്സ്' കൊമേഴ്സ്യൽ പാർട്ണർ ആകുന്നതിനെയും എൻട്രി ഫീ നൽകേണ്ടി വരുന്നതിനെയും ഐഎസ്എൽ ക്ലബുകൾ ശക്തമായി എതിർക്കുകയാണ്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം, അടുത്ത രണ്ട് വർഷത്തേക്ക് ക്ലബുകളുടെ നേതൃത്വത്തിലുള്ള മോഡലിൽ ഐഎസ്എൽ മുന്നോട്ട് കൊണ്ടുപോകാൻ ഫെഡറേഷൻ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക