വയനാട്: മുന്‍ കേരള ബ്ലാസ്‌റ്റേഴ് താരം സുശാന്ത് മാത്യു പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സുശാന്ത് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. എഫ് സി കൊച്ചിന്‍, വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, നെരോക, പൂനെ സിറ്റി തുടങ്ങി നിരവധി ക്ലബുകള്‍ക്ക് വേണ്ടി 38കാരന്‍ കളിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ തനിക്ക് ഒരു കളി മാത്രമായിരുന്നില്ല അത് തന്റെ ജീവിതമായിരുന്നുവെന്ന് സുശാന്ത് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. ഒരു കാര്യത്തിനു വേണ്ടി എത്ര പരിശ്രമിക്കുന്നോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു. 

2015ലെ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനായി സുശാന്ത് നേടി ലോങ് റേഞ്ചര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ മികച്ച ഗോളുകളില്‍ ഒന്നാണ്. കരിയറിന്റെ അവസാന കാലത്ത് ഗോകുലം കേരള എഫ്‌സിയുടെ ക്യാപ്റ്റനായും സുശാന്ത് കളിച്ചിരുന്നു.