കൊല്‍ക്കത്ത: ഐ ലീഗ്, ഐഎസ്എല്‍ കീരിടങ്ങള്‍ കൊല്‍ക്കത്തയിലേക്ക് പോയി. ഐ ലീഗില്‍ മോഹന്‍ ബഗാനും ഐഎസ്എല്ലില്‍ എടികെയുമാണ് ചാംപ്യന്മാരായത്. ഈ രണ്ട് ടീമുകളും വരും സീസണില്‍ ലയിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ പേരില്‍ ഒരു ടീമായിട്ടാണ് ഇനി കളിക്കുക. എന്നാല്‍ ചില ആശയകുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ടീമിനെ ആര് പരിശീലിപ്പിക്കും എന്നുള്ളതാണ് അതിലൊന്ന്. ബഗാനെ ലീഗ് കിരീടം നേടാന്‍ സഹായിച്ചതില്‍ സ്പാനിഷ് പരിശീലകനായ കിബു വികൂനയ്ക്ക് വ്യക്തമായ പങ്കുണ്ട്. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബഗാന്‍ കിരീടമുയര്‍ത്തിയത്. എടികെ കിരീട നേടുമ്പോള്‍ അന്റോണിയോ ഹബാസായിരുന്നു പരിശീലക സ്ഥാനത്ത്. രണ്ട് ചാംപ്യന്‍ പരിശീലകരില്‍ ആരെ ക്യാപ്റ്റനാക്കുമെന്നാണ് ഇപ്പോള്‍ ക്ലബ് അധികൃതരെ കുഴപ്പത്തിലാക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം ഹബാസ് തന്നെ ടീമിന്റെ പരിശീലകനാകുമെന്നാണ്. ഇതോടെ വികൂനയുടെ ജോലി പോവും. ക്ലബ് ലയിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് ഡയറക്ടറായോ ടെക്‌നിക്കല്‍ ഡയറക്ടറായോ വികൂനയെ നിര്‍ത്താനുള്ള ആലോചനകള്‍ ഉണ്ട് എങ്കിലും പരിശീലകന്റെ റോളില്‍ അല്ലാതെ ക്ലബില്‍ നില്‍ക്കാന്‍ താല്പര്യമില്ല എന്ന് കിബു വികൂന ക്ലബ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പോളണ്ടിലും സ്‌പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് വികൂന.