ഹാരി കെയ്നിന്‍റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ഒടുവിൽ ജയിച്ചുകയറിയെങ്കിലും, കളിയിലെ യഥാർത്ഥ ഹീറോ എംപാസി തന്നെയെന്ന് എതിരാളികൾ പോലും സമ്മതിക്കും.
അറ്റ്‌ലാന്‍റ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള നോക്കൗട്ട് പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പൊരുതി വീണെങ്കിലും, ഫുട്ബോൾ ആരാധകരുടെ മനസ് കീഴടക്കിയത് അവരുടെ ഗോൾകീപ്പർ ലയണൽ എംപാസി ആണ്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരനിരയുടെ ഉറക്കം കെടുത്തി, അവരുടെ ക്വാർട്ടർ സ്വപ്നങ്ങൾക്ക് മുന്നിൽ വന്‍മതില്‍ പോലെ എംപാസി നിലയുറപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ പോലും അവിശ്വസനീയതോടെയാണ് ആ പ്രകടം കണ്ടത്.
ഹാരി കെയ്നിന്‍റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ഒടുവിൽ ജയിച്ചുകയറിയെങ്കിലും, കളിയിലെ യഥാർത്ഥ ഹീറോ എംപാസി തന്നെയെന്ന് എതിരാളികൾ പോലും സമ്മതിക്കും. മത്സരത്തിനിടയിൽ ഇംഗ്ലീഷ് സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം എംപാസിയെ കെട്ടിപ്പിടിച്ച് ആദരവ് പ്രകടിപ്പിച്ച ദൃശ്യം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
ഫ്രാൻസിലാണ് ലയണൽ എംപാസി ജനിച്ചതും വളർന്നതും. ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്‍റ് ജെർമെന്‍റ് യൂത്ത് അക്കാദമിയാണ് എംപാസിയിലെ അസാധാരണ പ്രതിഭയെ കണ്ടെത്തുന്നത്. ഫ്രാൻസിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-18 ദേശീയ ടീമുകൾക്കായി ഗ്ലൗസണിഞ്ഞ താരം കൂടിയാണ് അദ്ദേഹം. എന്നാൽ, സീനിയർ തലത്തിൽ തന്‍റെ ജന്മനാടായ കോംഗോയ്ക്ക് വേണ്ടി കളിക്കുക എന്ന വികാരനിർഭരമായ തീരുമാനമാണ് എംപാസി കൈക്കൊണ്ടത്. 2022-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ദേശീയ ടീമിനായി എംപാസി അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ തന്നെ കോംഗോ പ്രതിരോധത്തിന്‍റെ വിശ്വസ്തനായ കാവൽക്കാരനായി മാറാൻ ഈ മുപ്പത്തിരണ്ടുകാരന് സാധിച്ചു.
കരിയർ മാറ്റിയെഴുതിയ 'ആഫ്രിക്ക കപ്പ്' ഹീറോ
2023-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്‍റാണ് എംപാസിയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്. കരുത്തരായ ഈജിപ്തിനെതിരെയുള്ള പ്രീ-ക്വാർട്ടർ പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ എംപാസി കോംഗോയുടെ രക്ഷകനായി അവതരിച്ചു. സമ്മർദഘട്ടത്തിൽ ഈജിപ്ഷ്യൻ ഗോൾകീപ്പർ എടുത്ത പെനാൽറ്റി കിക്ക് തടഞ്ഞിട്ടത് മാത്രമല്ല, കോംഗോയ്ക്കായി നിർണായകമായ അവസാന പെനാൽറ്റി കിക്ക് എടുത്ത് അത് ഗോളാക്കി മാറ്റുകയും ചെയ്ത് എംപാസി രാജ്യത്തിന്‍റെ ഹീറോയായി മാറി.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ തോറ്റെങ്കിലും, ശരീരവും മനസും ഒരുപോലെ സമർപ്പിച്ചാണ് താൻ വല കാത്തതെന്ന് മത്സരശേഷം എംപാസി പറഞ്ഞു. ഹാരി കെയ്ൻ എന്ന ലോകോത്തര സ്ട്രൈക്കർക്ക് മുന്നിൽ ഒടുവിൽ കീഴടങ്ങേണ്ടി വന്നുവെങ്കിലും തലയുയർത്തിപ്പിടിച്ച് തന്നെയാണ് ലയണൽ എംപാസിയും കോംഗോയും ലോകകപ്പ് വേദിയോട് വിടപറയുന്നത്.
