Asianet News MalayalamAsianet News Malayalam

'അന്ന് അവനെ മറികടക്കുക മനുഷ്യസാധ്യമല്ലായിരുന്നു', കരിയറില്‍ അമ്പരപ്പിച്ച ഗോൾ കീപ്പറെക്കുറിച്ച് മെസി

2012ലെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സെല്‍റ്റിക്കുമായി ഏറ്റുമുട്ടിയ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു.ഫ്രേസര്‍ ഫോസ്റ്റര്‍ വലകാത്ത സെല്‍റ്റിക്ക് പോസ്റ്റിലേക്ക് ഇഞ്ചുറി ടൈമില്‍ മെസി ഗോളടിച്ചു കേറ്റിയെങ്കിലും അത് തോല്‍വിഭാരം കുറക്കാന്‍ മാത്രമെ ഉപകരിച്ചുള്ളു. 

the best goalkeeping performance I have seen,Messi about Fraser Forster gkc
Author
First Published Oct 4, 2023, 1:06 PM IST

മയാമി: രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ഫുട്ബോള്‍ കരിയറില്‍ രാജ്യത്തിനും ക്ലബ്ബിനുമായി 800 ഓളം ഗോളുകള്‍ നേടിയ ലിയോണല്‍ മെസി  വിറപ്പിക്കാത്ത ഗോള്‍ കീപ്പര്‍മാര്‍ ചുരുക്കമായിരിക്കും. എന്നാല്‍ തനിക്കും മറികടക്കാനാവാത്ത ഒരു ഗോള്‍ കീപ്പറെക്കുറിച്ച് മനസുതുറക്കുകയാണ് അര്‍ജന്‍റീന ഇതിഹാസമിപ്പോള്‍.

2012ലെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സ്കോട്ടിഷ് ക്ലബ്ബായ സെല്‍റ്റിക്കിനായി വലകാത്ത ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഫ്രേസര്‍ ഫോസ്റ്ററുടെ പ്രകടനമാണ് താന്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ കീപ്പിംഗ് പ്രകടനമെന്ന് മെസി ഡെയ്‌ലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു. ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്‍റെ ബാക്ക് അപ്പ് കീപ്പറാണ് 35കാരനായ ഫ്രേസര്‍.

2012ലെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സെല്‍റ്റിക്കുമായി ഏറ്റുമുട്ടിയ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു.ഫ്രേസര്‍ ഫോസ്റ്റര്‍ വലകാത്ത സെല്‍റ്റിക്ക് പോസ്റ്റിലേക്ക് ഇഞ്ചുറി ടൈമില്‍ മെസി ഗോളടിച്ചു കേറ്റിയെങ്കിലും അത് തോല്‍വിഭാരം കുറക്കാന്‍ മാത്രമെ ഉപകരിച്ചുള്ളു.  അന്ന് സെല്‍റ്റിക് പോസ്റ്റിലേക്ക് 24 തവണ മെസിയും ബാഴ്സലോണ താരങ്ങളും ലക്ഷ്യംവെച്ചെങ്കിലും അതെല്ലാം ഫോസ്റ്ററുടെ കൈക്കരുത്തിന് മുന്നില്‍ അപ്രസക്തമായി. ആ പ്രകടനമാണ് കരിയറിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പിംഗ് പ്രകടനമായി താന്‍ കാണുന്നതെന്ന് മെസി പറഞ്ഞു.

ഫ്രാൻസിനെയാണ് നിങ്ങൾ തോൽപ്പിച്ചത്; ലോകകപ്പ് നേടിയശേഷം ആദരിച്ചില്ലെന്ന മെസിയുടെ പരാതിക്ക് മറുപടി നൽകി പിഎസ്‌ജി

സ്കോട്‌ലന്‍ഡില്‍ നടന്ന ആ മത്സരത്തില്‍ അമാനുഷിക പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. അതാണ് ഞാന്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ കീപ്പിംഗ് പ്രകടനവും. കളി കഴിഞ്ഞ് ഗ്രൗണ്ട് വിടുമ്പോഴും ഞങ്ങള്‍ അവനെക്കുറിച്ച് തന്നൊയിരുന്നു സംസാരിച്ചിരുന്നത്. അവന്‍ ഇവിടെ കളിക്കേണ്ടവനല്ലെന്നായിരുന്നു ഞങ്ങള്‍ എല്ലാവരും ഒരുപോലെ പറഞ്ഞത്. അവന്‍ പ്രീമിയര്‍ ലീഗില്‍ ആഴ്സണലിലോ ചെല്‍സിയിലോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലോ കളിക്കേണ്ടവനാണെന്നും തങ്ങള്‍ പരസ്പരം പറഞ്ഞുവെന്നും മെസി പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദത്തില്‍ ബാഴ്സയില്‍ ഏറ്റുമുട്ടിയപ്പോള്‍ സെല്‍റ്റിക് 1-2ന് തോറ്റെങ്കിലും ഫോസ്റ്റര്‍ അന്നും മികവ് കാട്ടിയിരുന്നു. പിന്നീട് സതാംപ്ടണിലേക്ക് പോയ ഫോസ്റ്റര്‍ 2019-2020 സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ സെല്‍റ്റിക്കില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ സീസണിലാണ് ടോട്ടനത്തിന്‍റെ ബാക്ക് അപ്പ് കീപ്പറായി ചേര്‍ന്നത്. ഇംഗ്ലണ്ടിനായി ആറ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും 2016നുശേഷം ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios