ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് തുടർച്ചയായ ഏഴാം കിരീടം. അവസാന മത്സരത്തിൽ ഐൻട്രാക്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചാണ് ബയേൺ കിരീടം ഉറപ്പിച്ചത്. 

ബുണ്ടസ് ലീഗിൽ എതിരാളികളില്ലാതെ ബയേൺ മ്യൂണിക്ക്. 34 കളിയിൽ എഴുപത്തിയെട്ട് പോയന്‍റുമായാണ് ബയേൺ ജർമ്മൻ ലീഗിൽ ഇരുപത്തിയൊൻപതാം കിരീടം സ്വന്തമാക്കിയത്. അവസാന മത്സരം വരെ ഒപ്പത്തിനൊപ്പം പൊരുതിയ ബൊറൂസ്യ ഡോർട്ട്മുണ്ടിനെ രണ്ട് പോയിന്‍റിന് പിന്നിലാക്കിയാണ് ബയേണിന്‍റെ ചെമ്പട കിരീടം ഉറപ്പിച്ചത്. 

കിംഗ്സ്ലി ബി കോമാൻ, ഡേവിഡ് അലാബ, റെനാറ്റോ സാഞ്ചസ്, ബയേണിനായി അവസാന ലീഗ് മത്സരത്തിനിറങ്ങിയ ഫ്രാങ്ക് റിബറി, ആര്യൻ റോബൻ എന്നിവരാണ് ഐൻട്രാക്ടിനെ മുക്കിയ സ്കോറർമാർ. 
 
റിബറിയും റോബനും ബയേണിൽ നേടുന്ന പതിനഞ്ചാം കിരീടമാണിത്. ഇരുവരും ക്ലബിനായി നേടിയത് 185 ഗോളുകൾ. ശനിയാഴ്ച ലൈപ്സിഷിന് എതിരായ ജർമ്മൻ കപ്പ് ഫൈനലായിരിക്കും ബയേണിൽ ഇരുവരുടെയും അവസാന മത്സരം.