സ്വന്തം നാട്ടില്‍ നടന്ന 2014ലെ ലോകകപ്പില്‍ സെമിയില്‍ ജര്‍മനിയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി(7-1) വഴങ്ങി നാണംകെട്ടു. 2018ല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയമായിരുന്നു ബ്രസീലിന് പുറത്തേക്കുള്ള വഴി കാട്ടി കൊടുത്തത്.
ന്യൂയോർക്ക്: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായപ്പോൾ, അത് കാനറിപ്പടയെ വർഷങ്ങളായി വേട്ടയാടുന്ന ഒരു പഴയ ശാപത്തിന്‍റെ ആവർത്തനമായി മാറി. ആദ്യ റൗണ്ടുകളിൽ തകർപ്പൻ കളി പുറത്തെടുക്കുക, എന്നാൽ നോക്കൗട്ടിൽ ശക്തരായ ഒരു യൂറോപ്യൻ എതിരാളിയെ കാണുമ്പോൾ കാലിടറുക എന്ന പതിവ് ബ്രസീൽ ഇത്തവണയും തെറ്റിച്ചില്ല. 2002ലെ ലോകകപ്പ് നേട്ടത്തിനുശേഷം നോക്കൗട്ട് റൗണ്ടുകളില്‍ ബ്രസീല്‍ പുറത്തായതെല്ലാം യൂറോപ്യൻ എതിരാളികള്‍ക്ക് മുമ്പിലായിരുന്നു.
2006ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിന തോറ്റ് പുറത്തായി. 2010ലെ ക്വാര്‍ട്ടര്‍ ഫൈനലിലാകട്ടെ നെതര്‍ലന്‍ഡ്സ് ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് മുന്നേറി. സ്വന്തം നാട്ടില്‍ നടന്ന 2014ലെ ലോകകപ്പില്‍ സെമിയില്‍ ജര്‍മനിയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി(7-1) വഴങ്ങി നാണംകെട്ടു. 2018ല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയമായിരുന്നു ബ്രസീലിന് പുറത്തേക്കുള്ള വഴി കാട്ടി കൊടുത്തത്. 2-1നായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം. 2022ലെ ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയാണ് ബ്രസീലിനെ പുറത്താക്കിയത്. ഇപ്പോള്‍ നോര്‍വെക്ക് മുന്നിവ്‍ പ്രീ ക്വാര്‍ട്ടറില കാലിടറിയോടെ തുടര്‍ച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീല്‍ യൂറോപ്യൻ എതിരാളികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് മടങ്ങുന്നത്.
ആഞ്ചലോട്ടയുടെ തന്ത്രം പാളി
വലിയ പ്രതീക്ഷകളോടെയാണ് ബ്രസീൽ കാർലോ ആഞ്ചലോട്ടി എന്ന ആശാനെ കൂടെക്കൂട്ടിയത്. വിനിഷ്യസും റോഡ്രിഗോയും അടങ്ങുന്ന നിരയെ വെച്ച് റയൽ മാഡ്രിഡ് ശൈലിയിലുള്ള ഒരു 'കൗണ്ടർ അറ്റാക്കിങ്' മെഷീൻ ബ്രസീലിൽ നിർമ്മിക്കുകയായിരുന്നു അദ്ദേഹത്തി തന്ത്രം. എന്നാൽ പ്രീ-ക്വാർട്ടറിൽ നോർവേയ്ക്കെതിരെ ആ തന്ത്രങ്ങളെല്ലാം തകർന്നു വീണു. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ബ്രസീൽ കടുത്ത പോരാട്ടം നടത്തേണ്ടി വന്നു. തന്ത്രപരമായ വലിയൊരു പാളിച്ച സംഭവിച്ചത് കളിയുടെ 79-ാം മിനിറ്റിൽ എർലിങ് ഹാലൻഡ് ആദ്യ ഗോൾ നേടുന്നതിന് തൊട്ടുമുമ്പാണ്. കളിയിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് കരുതി ആഞ്ചലോട്ടി, ബ്രസീൽ നിരയിൽ കൃത്യമായി പാസുകൾ നൽകിക്കൊണ്ടിരുന്ന ഒരേയൊരു മധ്യനിര താരം ബ്രൂണോ ഗിമറെസിനെ പിൻവലിച്ചു. പകരം കൗണ്ടർ അറ്റാക്കിന് വേഗത കൂട്ടാൻ ഫ്രഷ് ലെഗ്സിനെ ഇറക്കി. പക്ഷേ, ഈ നീക്കം തിരിച്ചടിയാവുകയാണ് ചെയ്തത്. കളി മെനയാൻ ആളില്ലാതായതോടെ ബ്രസീൽ മധ്യനിരയിൽ പൂർണ്ണമായും പതറി. ഇതിന്റെ പരമാവധി മുതലെടുത്ത നോർവേ, തൊട്ടടുത്ത മിനിറ്റുകളിൽ ഹാലണ്ടിലൂടെ കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി.
എൻഡ്രിക്കിനോട് അവിശ്വാസം; നെയ്മാറിലെ അമിതവിശ്വാസം
ബ്രസീലിന്‍റെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൗമാര താരം എൻഡ്രിക്കിനെ ആഞ്ചലോട്ടി ബെഞ്ചിലിരുത്തിയതാണ് ഏറ്റവും വലിയ ചർച്ചാവിഷയം. ക്ലബ്ബിലും നാട്ടിലും ഈ വണ്ടർകിഡിനെ ആഞ്ചലോട്ടി വേണ്ടത്ര വിശ്വസിക്കുന്നില്ല എന്ന വിമർശനം ശരിവെക്കുന്നതായിരുന്നു ഇത്. മറുവശത്ത് പരിക്കിന്‍റെ പിടിയിലായിട്ടും കേവലം ഡ്രെസ്സിങ് റൂം മാനേജ്മെന്റിന് വേണ്ടി മാത്രം ടീമിലെടുത്ത നെയ്മറെ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇറക്കിയത്. എൻഡ്രിക്കും നെയ്മറും അവസാന നിമിഷങ്ങളിൽ ഇറങ്ങി ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കളി മാറ്റാൻ അവർക്കായില്ല. നെയ്മാർ ഇൻജുറി ടൈമിൽ നേടിയ പെനാൽറ്റി ഗോൾ തോൽവിയുടെ ആഘാതം കുറയ്ക്കാൻ മാത്രമാണ് ഉപകരിച്ചത്.
പെനാൽറ്റിയിലെ ആ വലിയ പിഴവ്
ഒന്നാം പകുതിയിൽ ബ്രൂണോ ഗിമറെസ് പെനാൽറ്റി നഷ്ടപ്പെടുത്തിയത് ബ്രസീലിന് വലിയ വില കൊടുക്കേണ്ടി വന്നു. എന്തുകൊണ്ട് പെനാൽറ്റി വിനിഷ്യസ് ജൂനിയറിന് നൽകിയില്ല എന്ന ചോദ്യത്തിന് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ആഞ്ചലോട്ടിക്ക് ന്യായീകരണമുണ്ടായിരുന്നു. വിനിഷ്യസിന് പെനാൽറ്റി കരിയറിൽ മികച്ച റെക്കോർഡില്ല. എന്നാൽ ന്യൂകാസിലിന് വേണ്ടി ഗിമറെസ് എടുത്ത കഴിഞ്ഞ പെനാൽറ്റികളെല്ലാം കൃത്യമായി പഠിച്ചാണ് നോർവേ ഗോൾകീപ്പർ ഓറിയൻ നയ്ലാൻഡ് വന്നത്. ഗിമറെസിന്‍റെ കിക്കുകൾ ഇടത്തോട്ട് ഡൈവ് ചെയ്ത് നയ്ലാൻഡ് അനായാസം തടുത്തു. പരിക്കേറ്റ് പുറത്തായ റാഫീഞ്ഞയുടെ (19-ൽ 18 പെനാൽറ്റിയും ഗോളാക്കിയ ചരിത്രമുള്ള താരം) അഭാവം ബ്രസീൽ ഈ ഘട്ടത്തിൽ അറിഞ്ഞു.
ടാക്റ്റിക്കൽ പോരാട്ടത്തിൽ നോർവേ മുന്നിൽ
തന്ത്രങ്ങളുടെ കാര്യത്തിൽ നോർവേ കോച്ച് ബ്രസീലിനേക്കാൾ ഒരുപടി മുന്നിലായിരുന്നു. ഹാലണ്ടിനെയും സോർലോത്തിനെയും മുൻനിർത്തി അവർ തുടക്കത്തിൽ ബ്രസീൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. രണ്ടാം പകുതിയിൽ ഓസ്കാർ ബോബ്ബ്, ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് എന്നിവരെ ഇറക്കി അവർ കളി പൂർണ്ണമായും നിയന്ത്രിച്ചു. എന്നാൽ ബ്രസീലിന് നോർവേയുടെ പ്രെസ്സിങ്ങിനെ പ്രതിരോധിക്കാൻ ഒരു പ്ലാൻ ബി ഇല്ലായിരുന്നു. ഗിമറെസ് കൂടി പുറത്തുപോയതോടെ ബ്രസീലിന്‍റെ കളിയിലെ ഘടന തന്നെ നഷ്ടപ്പെട്ടു. വ്യക്തിഗത മികവുള്ള ഒരുപിടി മികച്ച കളിക്കാർ ബ്രസീൽ നിരയിലുണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം കോർത്തിണക്കാൻ പോന്ന ഒരു മികച്ച സിസ്റ്റം ഉണ്ടാക്കാൻ ഇത്തവണ കാർലോ ആഞ്ചലോട്ടിക്ക് കഴിഞ്ഞില്ല. ഫോമിലുള്ള കളിക്കാരെക്കാൾ പേരിനും പ്രശസ്തിക്കും പ്രാധാന്യം നൽകിയുള്ള ആഞ്ചലോട്ടിയുടെ ടീം സെലക്ഷനെതിരെ ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
