ഷില്ലോംഗ്: കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുംഗ് ബൂട്ടിയ. ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന് ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു.

ആഴ്ചകൾക്കു മുൻപ് തങ്ങളുടെ പൗരൻമാരോട് ഇന്ത്യ വിടാൻ ചൈന നിർദ്ദേശിച്ചത് ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവാണെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി. ആഴ്ചകള്‍ക്കു മുമ്പെ ചൈനീസ് പൗരന്‍മാരോട് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ നിയന്ത്രണ രേഖയിൽ അവർ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നാണ് എന്റെ ബലമായ സംശയം. ചൈനയുടെ ഈ ഹീനകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ചൈനയുടെ പ്രകോപനത്തിനു മുന്നിൽ മുട്ടുമടക്കാതെ കേന്ദ്ര സർക്കാർ ശക്തമായ തിരിച്ചടി നൽകണം’ – ട്വീറ്റില്‍ ബൂട്ടിയ ആവശ്യപ്പെട്ടു.

ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് പ്രകോപനത്തെ ശക്തമായ ഭാഷയിൽ അപലപിച്ചും ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് ഇഷാന്ത് ശര്‍മ, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ എന്നിവര്‍  നേരത്തെ രംഗത്തെത്തിയിരുന്നു.