ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണയില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തയില്‍ വന്‍ ട്വിസ്റ്റ്. നെയ്‌മര്‍ക്ക് ക്ലബില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പിഎസ്‌ജി താരവുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബാഴ്‌സ വൈസ് പ്രസിഡന്‍റ് ജോര്‍ദി കാര്‍ദോണര്‍ വ്യക്തമാക്കിയതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

'നെയ്‌മറുമായി ബാഴ്‌സലോണ കരാര്‍ ഒപ്പിട്ടു എന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ തങ്ങള്‍ ആരെയും സൈന്‍ ചെയ്തിട്ടില്ല. അദേഹവുമായി ട്രാന്‍സ്‌ഫര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. നെയ്‌മര്‍ മാത്രമല്ല, നിരവധി പേര്‍ ബാഴ്സയില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നെയ്‌മര്‍ക്ക് തിരിച്ചെത്തണം എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ല. മുന്‍പ് പല താരങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. നെയ്മര്‍ ലോകോത്തര താരമാണ്. എങ്ങനെയാണ് നെയ്‌മര്‍ ക്ലബ് വിട്ടതെന്ന് പരിശോധിച്ച ശേഷം മാത്രമേ മടങ്ങിവരവ് യാഥാര്‍ത്ഥ്യമാകൂവെന്നും' ജോര്‍ദി വ്യക്തമാക്കി.

നെയ്‌മറും ബാഴ്‌സയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. നെയ്‌മറെ തിരിച്ചെടുക്കണമെന്ന് ബാഴ്‌സ സൂപ്പര്‍ താരം ലിയോണല്‍ മെസി ക്ലബിനോട് ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. 2017ല്‍ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്‌ക്കാണ് നെയ്‌മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. അത്‌ലറ്റികോ സ്‌ട്രൈക്കര്‍ ഗ്രീസ്‌മാനായും ബാഴ്‌സ ശ്രമം നടത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.