റിയോ ഡി ജനീറോ: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്കെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ നായകന്‍ തിയോഗോ സില്‍വ. റിയാദില്‍ നടന്ന മത്സരത്തില്‍ അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോല്‍പിച്ചതിന് പിന്നാലെയാണ് ആരോപണങ്ങളുമായി സില്‍വ രംഗത്തെത്തിയത്. മത്സരത്തില്‍ മെസിയുടെ ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ ജയം. 

റഫറിയെ സ്വാധീനിക്കാനാണ് മെസി ശ്രമിച്ചതെന്ന് തിയാഗോ സില്‍വ കുറ്റപ്പെടുത്തി. "അപകടകരമായ മേഖലയില്‍ ഫ്രീകിക്ക് ലഭിക്കാന്‍ മെസി റഫറിമാരെ നിര്‍ബന്ധിക്കും. മെസി എപ്പോഴും അങ്ങനെയാണ് അഭിനയിക്കാറ്. സ്‌പാനിഷ് ലീഗില്‍ കളിക്കുന്ന ചില താരങ്ങളോട് ചോദിച്ചപ്പോള്‍ അവരും ഇക്കാര്യം പറഞ്ഞു. മത്സരത്തെയും റഫറിയുടെ തീരുമാനത്തെയും തന്‍റെ നിയന്ത്രണത്തിന് കീഴിലാക്കാനാണ് മെസിയുടെ ശ്രമം. മെസി രണ്ട് കളിക്കാരെ ചവിട്ടി. റഫറിയോട് ആരാഞ്ഞപ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി. ചാമ്പ്യന്‍സ് ലീഗില്‍ മെസിക്ക് ഈ ആനുകൂല്യമില്ല. കാരണം, അവിടെ റഫറിമാര്‍ കൂടുതല്‍ കാര്‍ക്കശ്യക്കാരാണ്. മത്സരത്തെ മെസി സ്വാധീനിക്കുന്നത് അധികം കാണാനാവില്ല എന്നും സില്‍വ പറഞ്ഞു. 

ബ്രസീല്‍ പരിശീലകന്‍ ടിറ്റെയോട് നാവടക്കാന്‍ മെസി ആംഗ്യം കാട്ടിയതിനെ കുറിച്ച് സില്‍വയുടെ മറുപടിയിങ്ങനെ. "ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ക്ക് മൈതാനത്ത് മാന്യതയില്ല. പ്രായമുള്ള ഒരാളെ(ടിറ്റെ) അത്തരത്തില്‍ നേരിടാന്‍ പാടില്ല, പ്രത്യേകിച്ച് ഒരു പരിശീലകനെ. മൈതാനത്ത് വൈരികളായിരിക്കാം. എന്നാല്‍ പരസ്‌പരബഹുമാനമാണ് ആദ്യമുണ്ടാകേണ്ടത്" എന്നും സില്‍വ പറഞ്ഞു.