കോർട്വാ കരിയറിലെ ഏറ്റവും മികച്ച ഫോം കലാശപ്പോരില്‍ പുറത്തെടുത്തപ്പോള്‍ ക്ലീന്‍ഷീറ്റ് സ്വന്തമായി

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍(UEFA Chamions League Final) ലിവര്‍പൂളിനെതിരെ നൂറ്റാണ്ടിലെ പ്രകടനങ്ങളിലൊന്നാണ് റയല്‍ മാഡ്രിഡ്(Liverpool vs Real Madrid Final) ഗോളി തിബത് കോർട്വാ(Thibaut Courtois) കാഴ്‌ചവെച്ചത്. ഗോള്‍ബാറിന് കീഴെ ഇരുവശങ്ങളിലേക്കും ഇടതടവില്ലാതെ പാറിപ്പറന്ന കോർട്വാ മടങ്ങിയത് കിരീടത്തിനൊപ്പം മറ്റൊരു റെക്കോര്‍ഡുമായി. 9 സേവുകളാണ് മത്സരത്തില്‍ കോർട്വാ നടത്തിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍റെ ചരിത്രത്തില്‍ ഒരു ഗോള്‍കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 

Scroll to load tweet…

കോർട്വാ കരിയറിലെ ഏറ്റവും മികച്ച ഫോം കലാശപ്പോരില്‍ പുറത്തെടുത്തപ്പോള്‍ ക്ലീന്‍ഷീറ്റ് സ്വന്തമായി. റയല്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ വിജയിക്കുകയും ചെയ്‌തു. മുഹമ്മദ് സലാ, സാദിയോ മാനേ, തിയാഗോ തുടങ്ങി വമ്പന്‍മാരുടെ വന്‍നിരയാണ് കോർട്വായുടെ മുന്നില്‍ പാരീസില്‍ നോക്കുകുത്തികളായത്. കോർട്വായുടെ മിന്നും പ്രകടനത്തെ അവിശ്വസനീയം എന്നാണ് റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി മത്സര ശേഷം വിശേഷിപ്പിച്ചത്. കോർട്വായുടെ അതിമാനുഷിക പ്രകടനത്തെ പുകഴ്‌ത്തുകയാണ് എതിരാളികള്‍ പോലും. 2018ല്‍ ചെല്‍സില്‍ നിന്നായിരുന്നു റയലിലേക്ക് ബെല്‍ജിയന്‍ ഗോളിയുടെ കൂടുമാറ്റം. 

Scroll to load tweet…

ലിവര്‍പൂളിനെ ഒറ്റ ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗില്‍ 14-ാം കിരീടം ഉയര്‍ത്തുകയായിരുന്നു. പാരീസിന്‍റെ മുറ്റത്ത് അമ്പത്തിയൊമ്പതാം മിനിറ്റിൽ വാൽവര്‍ദെയുടെ ക്രോസില്‍ നിന്ന് വിനീഷ്യസ് ജൂനിയറാണ് വിജയഗോൾ നേടിയത്. ഇടതടവില്ലാതെ ഇരച്ചെത്തിയ ചെമ്പടയുടെ മുന്നേറ്റനിരയെ കോട്ട കെട്ടി തടഞ്ഞ കോർട്വായും കിട്ടിയ അവസരം മുതലാക്കിയ വിനീഷ്യസും റയലിനെ ഒരിക്കൽ കൂടി യൂറോപ്പിന്‍റെ ജേതാക്കളാക്കുകയായിരുന്നു. ഈ സീസണില്‍ ലാ ലീഗയ്ക്ക് പിന്നാലെയാണ് യുസിഎല്‍ കിരീടവും റയല്‍ സ്വന്തം ഷോക്കേസിലെത്തിച്ചത്. 

Scroll to load tweet…

Real Madrid : ചാമ്പ്യന്‍സ് ലീഗ്, അത് റയലിനുള്ളതാണ്