മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ് പരാഗ്വേ പുറത്തായതിന് പിന്നാലെ സെനറ്റർ സെലസ്റ്റെ അമറില്ല എംബാപ്പെയ്ക്കെതിരെ കടുത്ത വംശീയ അധിക്ഷേപവുമായി രംഗത്തെത്തുകയായിരുന്നു.

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിനിടെ ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ലയും തമ്മിലുള്ള വാക് പോര് പുതിയ തലത്തിലേക്ക്. ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിൽ പരാഗ്വേയെ മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് തോല്‍പിച്ചതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ് പരാഗ്വേ പുറത്തായതിന് പിന്നാലെ സെനറ്റർ സെലസ്റ്റെ അമറില്ല എംബാപ്പെയ്ക്കെതിരെ കടുത്ത വംശീയ അധിക്ഷേപവുമായി രംഗത്തെത്തുകയായിരുന്നു. എംബാപ്പെയെ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ എന്ന് വിളിച്ച സെനറ്റർ, അവൻ ഫ്രഞ്ചുകാരനായി അഭിനയിക്കാൻ കഷ്ടപ്പെടുകയാണെന്നും, അഹങ്കാരിയും പണക്കൊഴുപ്പുള്ളവനും വിരൂപനുമാണെന്നും തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെനറ്ററുടെ ഈ വംശീയ പരാമർശത്തിനെതിരെ എംബാപ്പെയും ഫ്രഞ്ച് ആരാധകരും ശക്തമായി പ്രതികരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു. തുടർന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പോലും എംബാപ്പെയ്ക്ക് പിന്തുണയുമായി എത്തുകയും, വംശീയതക്കെതിരെ ശബ്ദമുയർത്തിയ ഫ്രഞ്ച് നായകന്‍റെ നടപടിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സെനറ്റർ തന്‍റെ ആദ്യത്തെ വംശീയ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, പിന്നീട് എംബാപ്പെയ്ക്ക് എതിരെ ഒരു തുറന്ന കത്തുമായി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ പ്രതികരിച്ച എംബാപ്പെ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നുമാണ് സെനറ്ററുടെ പുതിയ ഭീഷണി.

Scroll to load tweet…

പ്രശ്നം നിനക്കും എനിക്കും ഇടയിലാണ്, എനിക്ക് ഫ്രാൻസിനോട് ഒരു വിരോധവുമില്ല. മത്സരത്തിന് മുൻപും ശേഷവും നിന്‍റെ അഹങ്കാരം അതിരുകടന്നതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. കളിക്കളത്തിൽ വെച്ച് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും മോശം അസഭ്യവർഷമാണ് നീ ഞങ്ങളുടെ കളിക്കാർക്ക് നേരെ നടത്തിയത്. കളി ജയിച്ച ശേഷം ഞങ്ങളുടെ ഗോൾകീപ്പർക്ക് കൈ കൊടുക്കാൻ പോലും നീ തയാറായില്ല. ഞാൻ പരാഗ്വേയിലെ ജനങ്ങൾ തിരഞ്ഞെടുത്ത സെനറ്ററാണ്. നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്ത്രീക്കെതിരെയുള്ള അക്രമത്തിന് ഞാൻ നിനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സെനറ്ററുടെ ഭീഷണി.

Scroll to load tweet…

ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരം കളിക്കളത്തിലെ കടുത്ത ഫൗളുകൾ കൊണ്ടും തർക്കങ്ങൾ കൊണ്ടുമാണ് ശ്രദ്ധേയമായത്. കളിയിലുടനീളം തങ്ങളെ മോശക്കാരായി ചിത്രീകരിക്കാൻ എംബാപ്പെ ശ്രമിച്ചുവെന്നാണ് പരാഗ്വേ ടീമിന്‍റെ ആരോപണം. കളി ജയിച്ച ശേഷം പരാഗ്വേ ഗോൾകീപ്പറെ താരം പരിഹസിച്ചതായും ആരോപണമുണ്ട്. താൻ വംശീയ അധിക്ഷേപങ്ങൾ നേരിടുന്ന വ്യക്തിയായതുകൊണ്ടാണ് പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് സെനറ്റർ കത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഒരു ലോകകപ്പ് വേദിയിൽ ഫ്രഞ്ച് നായകനെതിരെ ഉയർന്ന വംശീയ അധിക്ഷേപത്തെ ഫുട്ബോൾ ലോകം കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക