ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ്ബായ ചെൽസിയുടെ പരിശീലകനായി തോമസ് ടുഷേലും സ്പാനിഷ് ലീ​ഗ് ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകനായി റോബർട്ട് കൂമാനും തുടരും. ടുഷേലിന് 2024വരെയാണ് ചെൽസി കരാർ നീട്ടി നൽകിയത്. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതിന് പിന്നാലെയാണ് ടുഷേലിന്റെ കരാർ പുതുക്കിയത്.

ജനുവരിയിൽ കോച്ച് ഫ്രാങ്ക് ലാംപാർഡ് പുറത്താക്കപ്പെടുമ്പോൾ ചെൽസി ഒൻപതാം സ്ഥാനത്തായിരുന്നു. ടുഷേലിന് കീഴിൽ തുടർ വിജയങ്ങളോടെ ചെൽസി നാലാം സ്ഥാനത്തെത്തി.മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചാണ് ടുഷേലിന്റെ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

എന്നാൽ പ്രധാന കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും പരിശീലകനായി റൊണാൾഡ് കൂമാന് വീണ്ടുമൊരു അവസരം കൂടി നൽകാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണ തീരുമാനിച്ചു. ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ടയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റക്കിരീടവുമായി സീസൺ അവസാനിച്ചതോടെ കൂമാനെ പുറത്താക്കിയേക്കുമെന്ന സൂചന ഉണ്ടായിരുന്നു.

എന്നാൽ പ്രതിഫലത്തിൽ കുറവ് വരുത്തി കൂമാനെ ഒരു സീസൺ കൂടി നിലനിർത്താൻ ബാഴ്സലോണ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കൂമാന് കീഴിൽ ബാഴ്സലോണ 54 മത്സങ്ങൾ കളിച്ചു. ഇതിൽ 35 വിജയം നേടാൻ ബാഴ്സലോണയക്ക് കഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.