ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്‍റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി.
കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിന് വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ കിരീടപ്പോരാട്ടത്തിന്‍റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തൃശ്ശൂർ മാജിക് എഫ്.സിയെയാണ് കണ്ണൂർ പരാജയപ്പെടുത്തിയത്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ പതിനെട്ടാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റ താരം അൽവാരസ് ഗോമസാണ് കണ്ണൂരിനായി വിജയഗോൾ നേടിയത്.
ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്‍റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി. ഗോൾ വഴങ്ങിയതോടെ പന്ത് കൂടുതൽ കൈവശം വെച്ച് തൃശ്ശൂർ മാജിക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ നിരയെ ഭേദിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും സമനില ഗോളിനായി തൃശ്ശൂർ കനത്ത പോരാട്ടം നടത്തിയെങ്കിലും കണ്ണൂർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.
കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഗ്യാലറികൾ നിറഞ്ഞു കവിഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു മത്സരം. കണ്ണൂരിന്റെ ആരാധക കൂട്ടായ്മയായ 'റെഡ് മറൈനേഴ്‌സ്' ടീമിന് വൻ പിന്തുണ നൽകി.ഈ വിജയത്തോടെ മൂന്ന് പോയിന്‍റുമായി സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ പോയിന്‍റ് പട്ടികയിൽ കണ്ണൂർ വാരിയേഴ്‌സ് മുന്നിലെത്തി റാപ്പർ ഡബ്‌സി ഡാസി, മർഡർ എറർ എന്നിവരുടെ സംഗീത പരിപാടികളും സാംസ്കാരിക വിരുന്നുകളും ഉദ്ഘാടന മത്സരത്തിന് മാറ്റ് കൂട്ടി.
