മാഡ്രിഡ്: ലാ ലിഗ ഗോള്‍ഡന്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക്. ഇന്നലെ ഐബറിനെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് മെസി ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ആറാം തവണയാണ് മെസി ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്‌സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം സ്ഥാനത്ത്. അതേസമയം മത്സരത്തില്‍ ബാഴ്‌സയ്ക്ക് സമനില പിണഞ്ഞു. ഇരുടീമും രണ്ടുഗോള്‍ വീതം നേടുകയായിരുന്നു. 

ലാ ലിഗ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി പിണഞ്ഞു. റയല്‍ ബെറ്റിസ് എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു റയലിന്റെ ദയനീയ തോല്‍വി. സീസണില്‍ റയലിന്റെ പന്ത്രണ്ടാം തോല്‍വിയാണിത്. 

രണ്ടാം പകുതിയില്‍ ലോറെന്‍ മൊറേന്‍, ജെസ്സേ എന്നിവരാണ് ബെറ്റിസിന്റെ ഗോളുകള്‍ നേടിയത്. ഗോളി കെയ്‌ലോര്‍ നവാസിന്റെ മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ റയല്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയേനെ. 38 കളിയില്‍ 68 പോയിന്റുമായി മൂന്നാം സ്ഥാനത്തായ റയലിന് ചാംമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായി എന്നത് മാത്രമാണ് ഈ സീസണില്‍ ആശ്വസിക്കാനുള്ളത്.