ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജോസ് മൗറീഞ്ഞോയ്ക്ക് തോല്‍വിയോടെ തുടക്കം. എവര്‍ട്ടണെതിരായ മത്സരത്തില്‍ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനം എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. കാള്‍വെര്‍ട്ട് ലെവിനാണ് എവര്‍ട്ടണിന്റെ ഗോള്‍ നേടിയത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം കാര്‍ലോ ആന്‍സലോട്ടി പരിശീലിപ്പിക്കുന്ന എവര്‍ട്ടണായിരുന്നു.

ആദ്യപകുതി ഇരുടീമുകളും ഗോള്‍ നേടാതെ പിരിഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകള്‍ക്കകം എവര്‍ട്ടണ്‍ ലീഡ് നേടി. ലൂകാസ് ഡിഗ്നെയുടെ പാസില്‍ ലെവിന്‍ ഗോള്‍ കണ്ടെത്തി. ഇതിനിടെ റിച്ചാര്‍ലിസണ് ലഭിച്ച അവസരങ്ങള്‍ താരത്തിന് മുതലാക്കാനായില്ല. റയല്‍ മാഡ്രിഡില്‍ നിന്ന് എവര്‍ട്ടണിലെത്തിയ ജയിംസ് റോഡ്രിഗസ് ടീമിനായി അരങ്ങേറി. 

മാറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചു. ഇത്തവണ പ്രമോഷന്‍ ലഭിച്ച് വന്ന ടീമാണ് വെസ്റ്റ് ബ്രോംവിച്ച്. എന്നാല്‍ ഒരു സഹതാപവും ലെസ്റ്റര്‍ കാണിച്ചില്ല. ആദ്യ പകുതി ഗോള്‍രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ മുന്‍ ചാംപ്യന്മാര്‍ താളം കണ്ടെത്തി. ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് തുണയായത്. രണ്ടും പെനാല്‍റ്റിയിലൂടെയായിരുന്നു. തിമോത്തി കസ്റ്റഗ്നെയാണ് ലെസ്റ്ററിന്റെ മറ്റൊരു ഗോള്‍ നേടിയത്.