ലണ്ടന്‍: തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനൊയെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്സ്പര്‍. സൂപ്പര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ ആവും ടോട്ടനത്തിന്റെ പുതിയ പരിശീലകനെന്നാണ് റിപ്പോര്‍ട്ട്. പുതിയ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മൗറിഞ്ഞോയും ടോട്ടനം ചെയര്‍മാന്‍ ഡാനിയേല്‍ ലെവിയും വൈകാതെ ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.

2014ല്‍ സതാംപ്ടണില്‍ നിന്നാണ് പോച്ചെറ്റിനോ ടോട്ടനത്തിലെത്തിയത്. കഴിഞ്ഞ സീസണില്‍ ടോട്ടനത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചതാണ് പോച്ചെറ്റിനോയുടെ മികച്ച നേട്ടം. എന്നാല്‍ ഫൈനലില്‍ ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനം തോറ്റു. കഴിഞ്ഞ നാലു സീസണിലും പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യാനും പോച്ചെറ്റിനോയ്ക്ക് കീഴില്‍ ടോട്ടനത്തിനായി.

എന്നാല്‍ ഈ സീസണില്‍ മികവിലേക്കുയരാന്‍ ടീമിനായിട്ടില്ല. സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടോട്ടനം ജയിച്ചത്. പോയന്റ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണിപ്പോള്‍ ടോട്ടനം. ഇതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 7-2ന്റെ കനത്ത തോല്‍വി വഴങ്ങുകയും ചെയ്തു.