മാഡ്രിഡ്: സ്‌പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്‍റെ നായകന്‍ സെര്‍ജിയോ റാമോസിനെ റാഞ്ചാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കാന്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി. ജനുവരിയിൽ റാമോസിന്‍റെ ഏജന്‍റുമായി ചര്‍ച്ചകള്‍ തുടങ്ങാനാണ് നീക്കം. റയലുമായി റാമോസിന്‍റെ നിലവിലെ കരാര്‍ സീസണിന് ഒടുവിലാണ് അവസാനിക്കുന്നത്. എന്നാൽ ജനുവരി ഒന്നിന് ശേഷം മറ്റു ക്ലബ്ബുമായി ചര്‍ച്ച നടത്താന്‍ താരത്തിന് അവസരമുണ്ട്.

മുപ്പത് വയസ് പിന്നിടുന്ന താരങ്ങള്‍ക്ക് സാധാരണ നൽകുന്ന ഒരു സീസൺ കരാര്‍ ആണ് റാമോസിനുള്ള റയലിന്‍റെ വാഗ്ദാനം. എന്നാൽ മുപ്പത്തിനാലുകാരനായ റാമോസിന് മൂന്ന് വര്‍ഷത്തെ കരാര്‍ പിഎസ്ജി ഓഫര്‍ ചെയ്യുമെന്നാണ് സൂചന.

2005ലാണ് സെവിയ്യയില്‍ നിന്ന് റാമോസ് റയല്‍ മാഡ്രിഡില്‍ എത്തിയത്. റയലില്‍ 650ലേറെ മത്സരങ്ങള്‍ കളിച്ച താരം 22 ട്രോഫികള്‍ നേടി. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ക്ലബ് ലോകകപ്പും അഞ്ച് ലാലിഗയും ഇതിലുണ്ട്. റയല്‍ മാഡ്രിഡിനായി 100 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബില്‍ 569-ാം മത്സരത്തിലായിരുന്നു നാഴികക്കല്ല് സ്വന്തമാക്കിയത്. നൂറ് ഗോളുകളില്‍ 55 എണ്ണം ഹെഡറിലൂടെയാണ്. 

സ്‌പാനിഷ് കുപ്പായത്തിലും ഒട്ടേറെ നേട്ടങ്ങള്‍ സെര്‍ജിയോ റാമോസിന്‍റെ പേരിലുണ്ട്. 2010ലെ ലോകകപ്പ് നേട്ടമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ദേശീയ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം(177) കളിച്ച പുരുഷ യൂറോപ്യന്‍താരം എന്ന നേട്ടം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. സ്‌പെയിനായി 23 ഗോളുകള്‍ വലയിലെത്തിച്ചിട്ടുണ്ട്. 

നൈക്കിക്ക് പകരം പുതിയ കിറ്റ് സ്‌പോണ്‍സര്‍; ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ കളിക്കുക പുതിയ ജഴ്‌സിയില്‍