സ്‌പാനിഷ് ലീഗിൽ ജൈത്രയാത്ര തുടരുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ രണ്ടിലും ബാഴ്‌‌സ തോൽവി നേരിട്ടിരുന്നു

ക്യാംപ് നൗ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ബാഴ്‌സലോണ ഇന്ന് ഇന്‍റർമിലാനെ നേരിടും. ബയേൺ മ്യൂണിക്ക്, ലിവർപൂൾ, ടോട്ടനം, അത്‍ലറ്റിക്കോ മാഡ്രിഡ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.

കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിലേക്ക് വീണ നാണക്കേട് മാറ്റാൻ ടീം ഉടച്ചുവാർത്തിറങ്ങിയ ബാഴ്‌സലോണയ്ക്ക് ഈ സീസണിലും തിരിച്ചടിയാണ്. സ്‌പാനിഷ് ലീഗിൽ ജൈത്രയാത്ര തുടരുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ രണ്ടിലും ബാഴ്‌‌സ തോൽവി നേരിട്ടിരുന്നു. ഇന്‍റർ മിലാനോട് ഇറ്റലിയിൽ നേരിട്ട പരാജയത്തിന് ക്യാംപ് നൗവിൽ പകരംവീട്ടാനാണ് ഇത്തവണ സാവിയും സംഘവും ഇറങ്ങുന്നത്. ഇന്ന് തോറ്റാൽ പ്രീക്വാർട്ടർ സാധ്യത തുലാസിലാകും.

ക്യാംപ് നൗവിൽ ചാമ്പ്യൻസ് ലീഗിൽ മുൻപ് മത്സരിച്ച നാലിലും ഇന്‍ററിനോട് ജയിക്കാനായെന്ന ആത്മവിശ്വാസമുണ്ട് ബാഴ്‌സയ്ക്ക്. വിക്ടോറിയ പ്ലാസനെതിരെ ഹാട്രിക് നേടിയ റോബർട്ട് ലെവൻഡോവ്സ്‌കിയിൽ തന്നെയാണ് ബാഴ്‌സലോണയുടെ പ്രതീക്ഷ. പരിക്കേറ്റ റൊമേലു ലുക്കാക്കുവും കൊറേയയും ഇല്ലാതെയാകും ഇന്‍റർ ഇറങ്ങുക. പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇറങ്ങുന്ന ബയേൺ മ്യൂണിക്ക് ഇന്ന് വിക്ടോറിയ പ്ലാസനെ നേരിടും. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയമാണ് ബയേൺ ലക്ഷ്യമിടുന്നത്.

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് റേഞ്ചേഴ്‌സാണ് ഇന്ന് എതിരാളികൾ. ടോട്ടനം ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ നേരിടും. എല്ലാ മത്സരങ്ങളും രാത്രി പന്ത്രണ്ടരയ്ക്കാണ് തുടങ്ങുക. പത്തേകാലിന് തുടങ്ങുന്ന മത്സരത്തിൽ അത്‍‍ലറ്റിക്കോ മാഡ്രിഡ്, ക്ലബ് ബ്രൂഗെയെയും അയാക്സ് നാപ്പോളിയെയും നേരിടും. സ്പോർട്ടിങ്ങിന് മാഴ്‌സയും ലെവർക്യൂസന് എഫ്സി പോർട്ടോയുമാണ് ഇന്ന് എതിരാളികൾ. 

ഇന്നലെ നടന്ന മത്സരത്തില്‍ ബെന്‍ഫിക്കയോട് പിഎസ്‌ജി സമനിലയില്‍ കുരുങ്ങി. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും 1-1 ആണ് സ്‌കോര്‍. 39-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളില്‍ പിഎസ്‌ജി മുന്നിലെത്തി. 62-ാം മിനിറ്റില്‍ യാവോ മരിയോയുടെ പെനാല്‍റ്റി ഗോളില്‍ ബെന്‍ഫിക്ക സമനില പിടിച്ചു. അതേസമയം റയല്‍ മാഡ്രിഡ് ഇഞ്ചുറിടൈമിലെ ഗോളില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഷാക്തറിനോട് 1-1ന്‍റെ സമനിലയായിരുന്നു ഫലം. ഇഞ്ചുറിസമയത്ത് ആന്‍റോണിയോ റുഡിഗറാണ് റയലിനെ രക്ഷിച്ചത്. 

ഇഞ്ചുറിടൈമില്‍ സമനില പിടിച്ച് റയല്‍; പിഎസ്‌ജിയെ ബെന്‍ഫിക്ക വീണ്ടും തളച്ചിട്ടു