യൂറോപ്യൻ ഫുട്ബോളിലെ പുതിയ ചാമ്പ്യൻമാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് വിവിധ വേദികളിൽ ഇന്ന് തുടക്കമാകും
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. പിഎസ്‌ജി-യുവന്‍റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം.
യൂറോപ്യൻ ഫുട്ബോളിലെ പുതിയ ചാമ്പ്യൻമാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് വിവിധ വേദികളിൽ ഇന്ന് തുടക്കമാകും. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഇറ്റാലിയൻ കരുത്തരായ യുവന്‍റസാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് പിഎസ്ജിയുടെ മൈതാനത്താണ് മത്സരം. ഉഗ്രൻ ഫോമിലുള്ള ലിയോണൽ മെസി, നെയ്‌മർ ജൂനിയർ, കിലിയൻ എംബാപ്പെ ത്രയത്തിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷയത്രയും. ലീഗ് വണ്ണിൽ തോൽവി അറിയാതെ ഗോൾ അടിച്ചുകൂട്ടിയാണ് പിഎസ്‌ജി സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്.
ഈ സീസണിൽ യുവന്‍റസിലേക്ക് ചേക്കേറിയ എഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും പിഎസ്‌ജിയുടെ മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ആദ്യപാദ മത്സരത്തിനുണ്ട്. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്, സെൽറ്റിക്കിനെയും പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, സെവിയയെയും ഇറ്റാലിയൻ ചാമ്പ്യൻമാരായ എ സി മിലാൻ, ആർ ബി സാൽസ്ബർഗിനെയും നേരിടും. മുൻ ചാമ്പ്യൻമാരായ ചെൽസി രാത്രി പത്തേകാലിന് തുടങ്ങുന്ന മത്സരത്തിൽ ഡൈനമോ സാഗ്രബിനെയും ബൊറുസ്യ ഡോർട്ട്മുണ്ട്, ഡെൻമാർക്ക് ക്ലബ് എഫ് സി കോപ്പൻഹേഗനെയും നേരിടും.
ചാമ്പ്യന്‍സ് ലീഗില്‍ ലാ ലീഗ വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് നിലവിലെ ജേതാക്കള്‍. കഴിഞ്ഞ സീസണിലെ കലാശപ്പോരില്‍ ഗോള്‍ബാറിന് കീഴെ കൈവല കെട്ടി കോർട്വാ ലിവർപൂളിനെ വരച്ചുനിർത്തിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഏഴാം കിരീടത്തിനായുള്ള ലിവർപൂളിന്‍റെ കാത്തിരിപ്പ് തുടരുകയാണ്.
