ടൂറിന്‍: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാംപാദ പ്രീക്വാർട്ടറിൽ യുവന്‍റസ് ഇന്ന് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ രണ്ടുഗോൾ കടവുമായാണ് യുവന്‍റസ് ഇറങ്ങുക. യുവന്‍റസിന്‍റെ തട്ടകത്തിൽ സമനില നേടിയാലും ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡിന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാം.

പലതവണ പിന്നിൽ നിന്ന് പൊരുതിക്കയറിയ ചരിത്രമുള്ള യുവന്‍റസ് ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളെയാണ്. ഗോഡിൻ, ഗിമിനസ്, ഫിലിപെ ലൂയിസ്, യുവാൻഫ്രാൻ എന്നിവരടങ്ങിയ അത്‍ലറ്റിക്കോ പ്രതിരോധം മറികടക്കുക യുവന്‍റസിന് എളുപ്പമാവില്ല. ഒപ്പം, ഗ്രീസ്മാൻ, മൊറാട്ട, ഡീഗോ കോസ്റ്റ മുന്നേറ്റനിരയെ തടയുകയും വേണം. 

രണ്ടുഗോൾ കടമുള്ളതിനാൽ യുവന്‍റസ് റൊണാൾഡോയ്ക്കൊപ്പം മാൻസുകിച്ചിനെയും ഡിബാലയേയും കളിപ്പിക്കുമെന്നാണ് സൂചന. റയൽ മാഡ്രിഡിനൊപ്പം ഹാട്രിക് കിരീടം നേടിയ റൊണാൾഡോയ്ക്ക് യുവന്‍റസിലും കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല.