ലിസ്‌ബണ്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി ഫൈനലിൽ. ആദ്യ സെമിയിൽ ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്‌ജി തോൽപിച്ചു. മാർക്വീഞ്ഞോസ്, ഏഞ്ചൽ ഡി മരിയ, യുവാൻ ബെർനറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു അസിസ്റ്റും പേരിലാക്കിയ ഡി മരിയയാണ് മത്സരത്തിലെ താരം

ആദ്യമായാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. കിലിയന്‍ എംബാപ്പേ ഫസ്റ്റ് ഇലവനില്‍ തിരികെയെത്തിയപ്പോള്‍ തുടക്കംമുതല്‍ ആക്രമിച്ചുകളിക്കുകയായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍മാര്‍. എന്നാല്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാനായില്ല. അതേസമയം സീസണില്‍ വിസ്‌മയ കുതിപ്പ് നടത്തിയാണ് ലെപ്സിഗ് സെമിയില്‍ തോറ്റ് മടങ്ങുന്നത്.   

പിഎസ്ജി ഫൈനലിൽ ബയേൺ മ്യൂണിക്ക്- ലിയോൺ രണ്ടാംസെമി വിജയികളെ നേരിടും. മൊണാക്കോയ്‌ക്ക് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്.