മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിലെ ബയേൺ-പിഎസ്ജി ത്രില്ലറിൽ ഫ്രഞ്ച് പടയ്‌ക്ക് ജയം. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്. അവസരങ്ങൾ സൃഷ്ടിച്ച് നെയ്‌മർ കളംവാണപ്പോള്‍ കിലിയൻ എംബാപ്പേയുടെ ഇരട്ടഗോൾ കരുത്തിലായിരുന്നു പിഎസ്‌ജിയുടെ ജയം.

കഴിഞ്ഞ വർഷത്തെ ഫൈനലിലെ തോൽവിക്ക് പകരംവീട്ടാനിറങ്ങിയ പിഎസ്‌ജി മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തി. കിലിയൻ എംബാപ്പേ ആയിരുന്നു സ്‌കോറർ. ഇരുപത്തിയെട്ടാം മിനിറ്റിൽ മാ‍ക്വീഞ്ഞോസ് പിഎസ്‌ജിയുടെ ലീഡുയ‍ർത്തി. രണ്ട് ഗോളുകളും നെയ്‌മറിന്‍റെ അസിസ്റ്റിലായിരുന്നു. എറിക് മാക്സിം ചൗപ്പോ മോട്ടിംഗ്(37), തോമസ് മുള്ളർ(60) എന്നിവരുടെ ഗോളിലൂടെ ബയേൺ ഒപ്പമെത്തി. എന്നാൽ അറുപത്തിയെട്ടാം മിനുറ്റിലെ എംബാപ്പേയുടെ രണ്ടാം ഗോൾ മത്സരത്തിന്‍റെ വിധിയെഴുതുകയായിരുന്നു. 

31 തവണയാണ് ബയേൺ എതിർവല ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. പിഎസ്ജയാവട്ടെ വെറും ആറുതവണ. അതിൽ മൂന്നും ലക്ഷ്യംകണ്ടു. പന്തവകാശത്തിലും പാസിങ്ങിലും ബയേൺ തന്നെയായിരുന്നു മുന്നിൽ. എന്നാല്‍ ലെവന്‍‌ഡോവസ്‌കിയുടെ അഭാവം ഫിനിഷിംഗില്‍ പ്രകടമായി. രണ്ടാംപാദ മത്സരം ഈമാസം 13ന് പിഎസ്ജിയുടെ മൈതാനത്ത് നടക്കും. 

ചെല്‍സിക്കും ജയം

മറ്റൊരു മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് എഫ്സി പോർട്ടോയെ തോല്‍പ്പിച്ചു. 32, 85 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മേസൺ മൗണ്ട്, ചിൽവെൽ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മാസം പതിമൂന്നിനാണ് രണ്ടാംപാദ മത്സരം.