മാഞ്ചസ്റ്റര്‍: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിഎസ്ജി തറപറ്റിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പിഎസ്‌ജിയുടെ ജയം. സൂപ്പര്‍താരം നെയ്മര്‍ ഇരട്ടഗോൾ നേടി. ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി നെയ്മർ പാരിസ് സെന്റ് ജെർമന് മുൻതൂക്കം നൽകി. മുപ്പത്തിരണ്ടാം മിനിറ്റിൽ റാഷ്‌ഫോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആശ്വാസ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ മാർക്വിൻഹോസിന്റെ വക രണ്ടാം ഗോൾ പിറന്നു. എക്‌സ്‌ട്രാ ടൈമിൽ നെയ്‌മറിന്റെ മൂന്നാം ഗോളോടെ പിഎസ്ജി ആധികാരിക ജയം സ്വന്തമാക്കി. 70-ാം മിനുറ്റില്‍ യുണൈറ്റഡ് താരം ഫ്രഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അഞ്ച് മത്സരങ്ങള്‍ വീതം കളിച്ച പിഎസ്‌ജിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഒന്‍പത് പോയിന്‍റ് വീതമാണുള്ളത്. 

സെവിയ്യക്ക് മേല്‍ ജിറൂഡിന്‍റെ ഗോള്‍മഴ

മറ്റൊരു മത്സരത്തില്‍ സെവിയ്യക്കെതിരെ എതിരില്ലാതെ നാല് ഗോള്‍ ജയവുമായി ഗംഭീരമാക്കി ചെല്‍സി. ഒലിവര്‍ ജിറൂഡാണ് നാല് ഗോളും നേടിയത്. 8, 54, 74, 83 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. 13 പോയിന്‍റുമായി ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായി ചെല്‍സി. അതേസമയം ഡോര്‍ട്‌മുണ്ട്-ലാസിയോ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.