കളിക്കളത്തിലെ സര്‍വവ്യാപിയായ എൻഗോളോ കാന്‍റേയ്ക്ക് 15 ശ്വാസകോശമുണ്ടെന്ന് പറയുന്നു സഹതാരം പോൾ പോഗ്ബ!

ബുക്കാറെസ്റ്റ്: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിൽ സ്വിറ്റ്സര്‍ലൻഡിനെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ഫ്രാൻസിന്‍റെ എൻഗോളോ കാന്‍റേയിൽ. ബാലൻ ഡി ഓര്‍ പുരസ്കാരത്തിന് അര്‍ഹനാണെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ് കാന്‍റേയ്ക്ക് ഇത്തവണത്തെ യൂറോ കപ്പ്.

കളിക്കളത്തിലെ സര്‍വവ്യാപിയായ എൻഗോളോ കാന്‍റേയ്ക്ക് 15 ശ്വാസകോശമുണ്ടെന്ന് പറയുന്നു സഹതാരം പോൾ പോഗ്ബ. സെൻട്രൽ മിഡ്ഫിൽഡറാണെങ്കിലും ഈ ഓട്ടപ്പാച്ചിലുകാരനെ മൈതാനത്ത് എവിടെയും കാണാം. എതിരാളികൾ കുതിച്ചടുക്കുമ്പോൾ പന്ത് തട്ടിയെടുക്കും. കൗണ്ടര്‍ അറ്റാക്കിൽ അസാധാരണ കുതിപ്പ് നടത്തും. സ്ട്രൈക്കര്‍മാര്‍ക്കൊപ്പം എതിരാളികളുടെ ഗോൾ മുഖത്തും കാണാം. 

എൻഗോളോ കാന്‍റേ യൂറോയിൽ ഇതുവരെ ഓടിത്തീര്‍ത്തത് 32 കിലോമീറ്ററാണ്. പാസുകളുടെ കൃത്യത 90 ശതമാനം. ഫ്രഞ്ച് ഫുട്ബോളിന്‍റെ അത്യുന്നതിയിലാണ് ഈ കുറിയ മനുഷ്യന്‍റെ സ്ഥാനം. ലോക കിരീടത്തിലെ കാന്‍റേ ഇഫക്ട് യൂറോയിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു ചാമ്പ്യൻമാര്‍. പ്രീമിയര്‍ ലീഗിലും ചാമ്പ്യൻസ് ലീഗിലും മൈതാനത്ത് ചെൽസിയുടെ ശിൽപ്പിയായി തിളങ്ങിയ ഈ പിടികിട്ടാപ്പുള്ളിയിൽ ആശ്രയിച്ചാണ് ദിദിയർ ദെഷാം തന്ത്രങ്ങൾ മെനയുന്നത്. വിശേഷണങ്ങൾക്കപ്പുറം ഫ്രഞ്ച് ടീമിന് എൻഗോളോ കാന്‍റേയിൽ പ്രതീക്ഷയേറെയുണ്ട്. 

ലോക ചാമ്പ്യൻമാരായ ഫ്രാൻസ് രാത്രി പന്ത്രണ്ടരയ്ക്കാണ് സ്വിറ്റ്സർലൻഡിനെ നേരിടുന്നത്. ഫ്രാൻസ് 2018ൽ ഫുട്ബോൾ ലോകം കാൽക്കീഴിലാക്കിയെങ്കിലും ഇക്കുറി യൂറോയിൽ ആ വീര്യം കാണാനില്ല. ജർമനിക്കെതിരെ വീണുകിട്ടിയ ഗോളിൽ കഷ്ടിച്ച് ജയിച്ചപ്പോള്‍ ഹംഗറിയോടും പോർച്ചുഗലിനോടും സമനിലക്കുരുക്കിലായി. അതേസമയം ഷാക്ക, ഷാക്കീരി ജോഡിയിലാണ് സ്വിസ് പ്രതീക്ഷകളത്രയും. 

കൂടുതല്‍ യൂറോ വാർത്തകള്‍...

മൈതാനത്ത് ഇന്ന് തീ ചിതറും; യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ

ഹസാര്‍ഡിന്റെ ഒരടിയില്‍ പറങ്കിപ്പട തീര്‍ന്നു; നിലവിലെ ചാംപ്യന്മാരെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

ഡി ലിറ്റിന് ചുവപ്പ് കാര്‍ഡ്, ബുദാപെസ്റ്റില്‍ ഓറഞ്ച് കണ്ണീര്‍; ചെക് റിപ്പബ്ലിക്ക് യൂറോ ക്വാര്‍ട്ടറില്‍

യൂറോയ്ക്കിടെ പെരിസിച്ചിന് കൊവിഡ്; ക്രൊയേഷ്യക്ക് തിരിച്ചടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona