നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, മുൻ ചാമ്പ്യൻമാരായ സ്പെയ്ൻ, ക്രൊയേഷ്യ എന്നിവർക്കൊപ്പം അൽബേനിയ കൂടി ചേരുന്നതാണ് ഗ്രൂപ്പ് ബി
ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളിലെ മരണ ഗ്രൂപ്പില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. രാത്രി 9.30ന് കരുത്തരായ ക്രൊയേഷ്യ മുൻ ചാമ്പ്യൻമാരായ സ്പെയിനെ നേരിടുമ്പോള്‍ പുലർച്ചെ 12.30ന് തുടങ്ങുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇറ്റലിക്ക് അല്‍ബേനിയയാണ് എതിരാളികള്‍.
യൂറോ കപ്പിൽ ബിഗ് ബാറ്റിൽസിന്‍റെ ചുരുക്കെഴുത്താണ് ഗ്രൂപ്പ് ബി. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, മുൻ ചാമ്പ്യൻമാരായ സ്പെയ്ൻ, ക്രൊയേഷ്യ എന്നിവർക്കൊപ്പം അൽബേനിയ കൂടി ചേരുമ്പോൾ ഗ്രൂപ്പ് ബി മരണക്കളമാവും. ക്രൊയേഷ്യ-സ്പെയ്ൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് ബിയിലെ കൂട്ടപ്പൊരിച്ചിലിന് തുടക്കമാവുക. പുതിയകാല ഫുട്ബോളിന്‍റെ വേഗവും വീര്യവുമുണ്ടെങ്കിലും കിരീടമില്ലാത്തതിന്‍റെ കുറവുണ്ട് ക്രൊയേഷ്യയ്ക്ക്. നായകൻ ലൂക്ക മോഡ്രിച്ച് ഉൾപ്പടെയുള്ള സുവർണ തലമുറ താരങ്ങൾക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻമാരാവാനുള്ള അവസാന അവസരമാണെന്നതിനാല്‍ ചോര ചിന്തിയും കിരീടത്തിനായി പോരാടും ക്രോട്ടുകള്‍.
അവസാന 15 മത്സരങ്ങളില്‍ ക്രൊയേഷ്യ തോൽവി നേരിട്ടത് രണ്ട് കളിയിൽ മാത്രം. കഴിഞ്ഞ യൂറോ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്പെയ്നോട് തോറ്റതിന്റെ മധുരപ്രതികാരവും ക്രൊയേഷ്യ മോഹിക്കുന്നു. സ്പാനിഷ് താരങ്ങളെ നന്നായി അറിയുന്ന ലൂക്കാ മോഡ്രിച്ച് തന്നെയാവും ക്രൊയേഷ്യയുടെ കേന്ദ്രബിന്ദു. നാലാം കിരീടം ലക്ഷ്യമിടുന്ന സ്പെയ്ൻ യുവതാരങ്ങളുടെ ബൂട്ടുകളിലേക്കാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ലോക ഫുട്ബോളിലുണ്ടായിരുന്ന ആധിപത്യം തിരിച്ചുപിടിക്കണമെങ്കില്‍ സ്പെയിന് ഈ യൂറോ കിരീടം അനിവാര്യം.
അതേസമയം കിരീടം നിലനിർത്തുകയെന്ന വെല്ലുവിളിയുമായാണ് ഇറ്റലി ഗ്രൂപ്പ് ബിയിൽ പോരിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഗ്രൂപ്പിലെ ദുർബലരായ അൽബേനിയയെ കിട്ടിയത് ഇറ്റലിക്ക് ആശ്വാസം. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാതെ തലകുനിച്ച ഇറ്റാലിയൻ നിരയിൽ ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. അവസാന ആറ് മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതെയാണ് ഇറ്റലിയുടെ വരവ്. മരണ ഗ്രൂപ്പില്‍ ആവുംവിധം വമ്പന്‍മാരുടെ വഴിമുടക്കലാകും അൽബേനിയയുടെ ലക്ഷ്യം. കരുത്തരായ ഇറ്റലിക്കെതിരെ ഫിഫ റാങ്കിങ്ങില്‍ അറുപത്തിയാറാമതുള്ള അൽബേനിയ കാത്തുവച്ചിരിക്കുന്നത് എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
യൂറോ കപ്പ് ഗ്രൂപ്പ് എയിൽ ഇന്ന് ഹംഗറിയും സ്വിറ്റ്സർലൻഡും നേർക്കുനേർ വരും. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം.ഇരു ടീമുകളും തമ്മിലുള്ള അവസാന 9 മത്സരങ്ങളില്‍ ആറിലും സ്വിറ്റ്സർലൻഡ് ആണ് ജയിച്ചത്. 86 വർഷങ്ങൾക്ക് ശേഷമാണ് ഇരുടീമുകളും ഒരു മേജർ ടൂർണമെന്‍റിൽ ഏറ്റുമുട്ടുന്നത്. ഗ്രാനിത് ഷാക്ക, ഷെർദാൻ ഷാക്കിരി എന്നിവരിലാണ് സ്വിസ് പ്രതീക്ഷ. യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഹംഗറി തോൽവി അറിഞ്ഞിരുന്നില്ല.
Read more: ടിം സൗത്തി കൊടുങ്കാറ്റ്; പാവം ഉഗാണ്ടയെ എറിഞ്ഞൊതുക്കി ന്യൂസിലന്‍ഡിന് ആദ്യ ജയം, പക്ഷേ കാര്യമില്ല!
