റോം: യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയലിനെ നേരിടും. രണ്ടാംപാദത്തിൽ ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയോട് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്റെ പിൻബലത്തിലാണ് യുണൈറ്റഡ് ഫൈനൽ ഉറപ്പിച്ചത്. ആഴ്‌സണലിനെ സമനിലയിൽ തളച്ച വിയ്യാറയലും ആദ്യപാദ ജയത്തിന്റെ മികവിൽ ഫൈനലിലെത്തി. 

ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പാ ലീഗിലും ഇംഗ്ലീഷ് ഫൈനലിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഇതോടെ നിരാശയായി. ജയം അനിവാര്യമായ രണ്ടാംപാദത്തിൽ പീരങ്കിപ്പട നിരാശരാക്കിയപ്പോള്‍ വിയ്യാറയല്‍ ആദ്യമായി യൂറോപ്യന്‍ കിരീടത്തിനരികെയെത്തി. 79-ാം മിനുട്ടിൽ ഔബമയങ്ങിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മുൻ പരിശീലകൻ യുനായ് എമേറിയുടെ ടീമിന് മുന്നിൽ ആഴ്സനൽ മുട്ടുമടക്കുകയായിരുന്നു. 

ആദ്യപാദത്തിൽ 6-2ന്‍റെ വമ്പന്‍ ജയം നേടിയിട്ടും ആരാധകര്‍ക്ക് നെഞ്ചിടിപ്പ് സമ്മാനിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫൈനല്‍ പ്രവേശം. കവാനിയിലൂടെ ആദ്യപകുതിയിൽ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും ഇടവേളയ്ക്ക് ശേഷം റോമ നിറമാറി. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകളുടെ പ്രഹരം. 68-ാം മിനിറ്റിലെ കവാനിയുടെ രണ്ടാം ഗോളിൽ വീണ്ടും യുണൈറ്റഡ് ആശ്വാസം കണ്ടെത്തി. 

സെൽഫ് ഗോളിലൂടെ റോമ വീണ്ടും ലീഡെടുത്തെങ്കിലും ആദ്യപാദത്തിലെ നാല് ഗോള്‍ മാര്‍ജിനിൽ യുണൈറ്റഡ് 2017ന് ശേഷമുള്ള ആദ്യ യൂറോപ്യന്‍ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ മാസം 26നാണ് കലാശപ്പോരാട്ടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona