ബേസല്‍: യുവേഫ നേഷസ് ലീഗിൽ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുമ്പോൾ സ്‌പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഇന്ന് സ്വിറ്റ്സർലൻഡിനെതിരെ ബൂട്ടുകെട്ടുമ്പോൾ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ച യൂറോപ്യൻ താരം എന്ന റെക്കോർഡാണ് റാമോസ് സ്വന്തമാക്കുക. 

റാമോസിന്റെ നൂറ്റി എഴുപത്തിയേഴാം മത്സരം ആയിരിക്കുമിത്. ഇപ്പോൾ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂഗി ബുഫണിനൊപ്പം റെക്കോർഡ് പങ്കിടുകയാണ് സ്‌പാനിഷ് ഡിഫൻഡർ. ഇരുവരും 176 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 184 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഈജിപ്ഷ്യൻ താരം അഹമ്മദ് ഹസ്സനാണ് ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ച താരം. റാമോസ് 2005ൽ  ചൈനയ്‌ക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. സ്‌പെയ്‌ന്‍റെ 2010ലെ ലോകകപ്പ് വിജയത്തിലും 2012ലെ യൂറോ കപ്പ് വിജയത്തിലും പങ്കാളിയായ റാമോസ് 23 രാജ്യാന്തര ഗോളും നേടിയിട്ടുണ്ട്.

മുന്‍തൂക്കം സ്‌പെയ്‌ന്

ബേസലില്‍ ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.15നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്- സ്‌പെയ്‌ന്‍ പോരാട്ടം. നാല് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്ററുള്ള സ്‌പെയ്‌ന്‍ ഗ്രൂപ്പ് ഡിയിലെ ഒന്നാസ്ഥാനക്കാരാണ്. പരുക്കേറ്റ അൻസു ഫാറ്റി, തിയാഗോ അൽകന്റാര എന്നിവരില്ലാതെയാണ് സ്‌പെയ്ൻ ഇറങ്ങുക. സ്വിറ്റ്സർലൻഡിനെതിരെ ഇതുവരെ കളിച്ച 21 മത്സരങ്ങളിൽ രണ്ടുതവണ മാത്രമേ സ്‌പെയ്ൻ തോറ്റിട്ടുള്ളൂ. നാല് മത്സരങ്ങളില്‍ രണ്ട് പോയിന്‍റ് മാത്രമുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പ് ഡിയില്‍ അവസാന സ്ഥാനക്കാരാണ്. 

നേഷൻസ് ലീഗില്‍ ഇന്ന് തീപാറും; വമ്പന്‍മാര്‍ നേര്‍ക്കുനേര്‍, പോർച്ചുഗല്‍-ഫ്രാന്‍സ് പോരാട്ടം രാത്രി