Asianet News MalayalamAsianet News Malayalam

യുവേഫ നേഷന്‍സ് ലീഗ് സെമി ലൈനപ്പ് ഇന്നറിയാം; സ്‌പെയ്ന്‍ ഇന്ന് പോര്‍ച്ചുഗലിനെതിരെ

ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, റൂബെന്‍ നെവസ് തുടങ്ങിയവരിലാണ് പറങ്കികളുടെ പ്രതീക്ഷ. സസ്‌പെന്‍ഷന്‍ കാരണം കഴിഞ്ഞ മത്സരം നഷ്ടമായ യാവോ കാന്‍സെലോ ആദ്യഇലവനില്‍ തിരിച്ചെത്തും.

UEFA Nations League Spain vs Portugal match preview
Author
First Published Sep 27, 2022, 9:47 AM IST

ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ സെമിലൈനപ്പ് ഇന്നറിയാം. സൂപ്പര്‍പോരാട്ടത്തില്‍ മുന്‍ചാംപ്യന്മാരായ പോര്‍ച്ചുഗല്‍, സ്‌പെയിനിനെ നേരിടും. രാത്രി പന്ത്രണ്ടേകാലിനാണ് മത്സരം. സെമി ഫൈനലിലെ അവശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിനായി സ്‌പെയിനും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍. ആദ്യകിരീടം തേടിയിറങ്ങുന്ന സ്‌പെയിനിന് ഇന്ന് ജീവന്‍മരണപോരാട്ടം. അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റതാണ് സ്‌പെയിനിന് തിരിച്ചടിയായത്.

എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതുള്ള സ്‌പെയിനിന് ഇന്ന് ജയിച്ചേതീരൂ. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവുമായി 10 പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് അവസാന നാലിലെത്താന്‍ സമനില മാത്രം മതിയാകും. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗല്‍ വരുന്നത്. മത്സരത്തില്‍ പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നും കളത്തിലിറങ്ങും.

കാര്യവട്ടം ടി20ക്ക് മുഖ്യാതിഥിയായി സൗരവ് ഗാംഗുലിയും; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും

ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, റൂബെന്‍ നെവസ് തുടങ്ങിയവരിലാണ് പറങ്കികളുടെ പ്രതീക്ഷ. സസ്‌പെന്‍ഷന്‍ കാരണം കഴിഞ്ഞ മത്സരം നഷ്ടമായ യാവോ കാന്‍സെലോ ആദ്യഇലവനില്‍ തിരിച്ചെത്തും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധനിരയും പോര്‍ച്ചുഗലിന്റേതാണ്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് പോര്‍ച്ചുഗല്‍ വഴങ്ങിയത്. സ്വിറ്റ്‌സര്‍ലന്‍ഡിന് ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികള്‍. തരം താഴ്ത്തില്‍ ഭീഷണിയൊഴിവാക്കാന്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനിലയെങ്കിലും ഉറപ്പിക്കണം. യുക്രെയ്ന്‍ സ്‌കോട്‌ലന്‍ഡിനെയും ഏര്‍ളിംഗ് ഹാളണ്ടിന്റെ നോര്‍വെ, സെര്‍ബിയയെയും നേരിടും. എല്ലാ മത്സരങ്ങളും രാത്രി പന്ത്രണ്ടേകാലിനാണ് തുടങ്ങുക.

ഇറ്റലി സെമിയില്‍

നാഷണ്‍സ് ലീഗില്‍ ഇറ്റലി സെമിയില്‍ പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. 27ആം മിനിട്ടില്‍ റാസ്പദോറിയും 52ആം മിനിട്ടില്‍ ഫെഡറിക്കോ ഡിമാര്‍ക്കോയുമാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. ഗ്രൂപ്പില്‍ 11 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയാണ് ഇറ്റലി അവസാന നാലില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മുന്‍ലോകചാംപ്യന്മാരുള്ള ഗ്രൂപ്പില്‍ ഹങ്കറി 10 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ട്- ജര്‍മനി സമനില

നേഷന്‍സ് ലീഗിലെ സൂപ്പര്‍പോരില്‍ ഇംഗ്ലണ്ട്- ജര്‍മനി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും മൂന്ന് ഗോള്‍വീതം നേടി. എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. രണ്ട് ഗോളിന് മുന്നില്‍ നിന്നശേഷമായിരുന്നു ജര്‍മനി വെംബ്ലിയില്‍ സമനില വഴങ്ങിയത്. കായ് ഹാവെര്‍ട്ട്‌സ് ഇരട്ടഗോള്‍ നേടി. ഇകായ് ഗുണ്ടോഗന്‍ പെനാല്‍റ്റിയിലൂടെയാണ് ജര്‍മനിയെ ആദ്യം മുന്നിലെത്തിച്ചത്. ലൂക്ക് ഷോ, മാസണ്‍ മൗണ്ട്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ജര്‍മനി മൂന്നാമതെത്തി. ഒരു ജയം പോലുമില്ലാതെ സീസണ്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് അടുത്ത വര്‍ഷം ബി വിഭാഗത്തിലേക്ക് തരംതാഴ്ത്തപ്പെടും.

Follow Us:
Download App:
  • android
  • ios