മോണ്ടിവീഡിയോ: അത്‌ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നാളെ പുലര്‍ച്ചെ ബ്രസീലിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ താരത്തിന് കളിക്കാനാവില്ല. ഇതോടൊപ്പം അടുത്ത ശനിയാഴ്ച ബാഴ്‌സലോണയ്ക്കിതിരായ ലാ ലിഗ മത്സരവും സുവാരസിന് നഷ്്മാവും. മുന്‍ ബാഴ്‌സലോണ താരം കൂടിയാണ് സുവാരസ്. സുവാരസിനൊപ്പം ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസ്, സപ്പോര്‍ട്ടിംസ്റ്റാഫായ മതിയാസ് ഫരാള്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മികച്ച ഫോമില്‍ കളിക്കുന്ന സുവാരസിന്റെ അഭാവം ദേശീയ ടീമിനും ക്ലബിനും ഒരുപോലെ തിരിച്ചടിയാണ്. ബാഴ്‌സയില്‍ നിന്ന് സീസണ്‍ തുടക്കത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ മൂവരും ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്ന് ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മറ്റുതാരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഉറുഗ്വെ. കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഉറുഗ്വേ, ടിറ്റെയുടെ ബ്രസീലിനെ കാത്തിരിക്കുന്നത്. എന്നാല്‍ സുവാരസ് ഇല്ലാത്തത് അവര്‍ക്ക് തിരിച്ചടിയാവും. മൂന്ന് കളിയില്‍ ഒന്‍പത് പോയിന്റുള്ള ബ്രസീല്‍ ഒന്നാം സ്ഥാനത്തും ആറ് പോയിന്റുള്ള ഉറുഗ്വേ നാലാമതുമാണ്.

ഈ സീസണിലാണ് സുവാരസ് ബാഴ്‌സ വിട്ട് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്. ബാഴ്‌സലോണക്കായി 283 മത്സരത്തില്‍ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്‌സ ചരിത്രത്തില്‍ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്.