ഒരു മണിക്കൂറോളം അമേരിക്കയെ ഗോളില്ലാതെ പിടിച്ചുകെട്ടിയ നെതര്‍ലന്‍ഡ്സിന് പക്ഷെ അറുപത്തിയൊന്നാം മിനിട്ടില്‍ പിഴച്ചു.

ലിയോണ്‍: വനിതാ ലോകകപ്പില്‍ അമേരിക്കയ്ക്ക് നാലാം കിരീടം. ഫൈനലില്‍ നെതര്‍ലന്‍ഡ്സിന്റെ ഓറഞ്ച് പടയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അമേരിക്ക ചാമ്പ്യന്‍മാരായത്.

ഒരു മണിക്കൂറോളം അമേരിക്കയെ ഗോളില്ലാതെ പിടിച്ചുകെട്ടിയ നെതര്‍ലന്‍ഡ്സിന് പക്ഷെ അറുപത്തിയൊന്നാം മിനിട്ടില്‍ പിഴച്ചു. അലക്സ് മോര്‍ഗനെ സ്റ്റെഫാനി വാന്‍ഡെര്‍ ഗ്രാട്ട് ഫൗള്‍ ചെയ്തതിന് വാറിന്റെ സഹായത്തോടെ റഫറി അമേരിക്കയ്ക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചു. പിഴവേതുമില്ലാതെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മേഗന്‍ റാപിനോ അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചു.

എട്ടു മിനിട്ടിനുള്ളില്‍ അമേരിക്ക കിരീടം ഉറപ്പിച്ച രണ്ടാം ഗോളും നേടി. റോസ് ലെവല്ലയായിരുന്നു വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിലടുനീളം പന്തടക്കത്തിലും പാസിംഗിലും മികവു പുലര്‍ത്തിയ അമേരിക്ക ആദ്യ കിരീടം തേടിയെത്തിയ നെതര്‍ലന്‍ഡ്സിനെ നിഷ്പ്രഭരാക്കി.

മത്സരത്തിലാകെ അമേരിക്ക എട്ടു കോര്‍ണറുകള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സിന് രണ്ട് കോര്‍ണറുകള്‍ മാത്രമാണ് ലഭിച്ചത്. 1991, 1999, 2015 ലോകകപ്പുകളിലാണ് അമേരിക്ക ഇതിന് മുമ്പ് കീരിടം നേടിയത്.