സഹതാരം ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി നന്നായി കളിക്കുന്നില്ലെന്ന സോഷ്യൽ മീഡിയ പോസ്റ്റിന് റൊണാൾഡോയുടെ സഹോദരി കാറ്റിയ അവെയ്‌റോ ലൈക്ക് ചെയ്തത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
വലിയ സ്ക്വാഡുമായി എത്തിയ പോർച്ചുഗൽ ആദ്യ മത്സരത്തിൽ തന്നെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. കോംഗോയ്ക്കെതിരേ ആദ്യം ഗോൾ നേടി ലീഡ് ഉയർത്തിയെങ്കിലും ആദ്യപകുതി അവസാനിക്കും മുൻപ് തന്നെ കോംഗോ സമനിലപിടിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ ആകെ ലഭിച്ചത് 25 ടച്ചുകൾ ആയിരുന്നു, താരത്തിന്റേതായി ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് പോലുമില്ലാതിരുന്ന മത്സരത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനും ടീമിന്റെ ക്യാപ്റ്റൻ കൂടിയായ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. 90 മിനിറ്റും കോംഗോ ബോക്സിൽ സ്ഥാനമുറപ്പിച്ച ക്രിസ്റ്റ്യാനോയുടെ ഫോമില്ലായ്മ ആഗോള തലത്തിൽ വലിയ ചർച്ചകൾക്കായിരുന്നു വഴിതെളിച്ചത്.
മത്സര ശേഷം ഹെൻറി അടക്കം നിരവധി പേർ ക്രിസ്റ്റ്യാനോയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിനെതിരെയും വലിയ രീതിയിലുള്ള വിമർശങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. മികച്ച സ്‌ക്വാഡ് സ്ട്രെങ്ത് ഉണ്ടായിരുന്നിട്ടും, കൃത്യമായ ഇടവേളകളിൽ പുതിയ താരങ്ങളെ കളത്തിലിറക്കാതെയും തന്ത്രങ്ങളിൽ മാറ്റം വരുത്താതെയും മാർട്ടിനെസ് മുന്നോട്ട് പോയതാണ് കളി സമനിലയിൽ കലാശിക്കാൻ കാരണമായതെന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുണ്ട്. റൊണാൾഡോയ്‌ക്കൊപ്പം തന്നെ ബ്രൂണോ ഫെർണാണ്ടസിന്റെയും വിറ്റിഞ്ഞയുടെയും മോശം പ്രകടനം വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. അത്തരത്തിൽ ബ്രൂണോ ഫെർണാണ്ടസിനെതിരെ സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിന് റൊണാൾഡോയുടെ സഹോദരി കാറ്റിയ അവെയ്‌റോ ലൈക്ക് ചെയ്തതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഏറ്റവും വലിയ ചർച്ചാവിഷയം.
ബ്രൂണോ മാഞ്ചസ്റ്ററിൽ നന്നായി കളിക്കുന്നുവെന്നും എന്നാൽ പോർച്ചുഗലിലെത്തുമ്പോൾ നിരാശപ്പെടുത്തുന്നുവെന്നുമുള്ള പോസ്റ്റിനാണ് കാറ്റിയ അവെയ്‌റോ ലൈക്ക് ചെയ്തതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിരയിൽ ക്രിസ്റ്റ്യാനോയ്ക്ക് പന്തെത്തുന്നില്ലെന്നും മനപ്പൂർവ്വം അവഗണിക്കുകയാണെന്നുമുള്ള ആരാധകരുടെ രോഷം നിലനിൽക്കുന്നതിനിടെയാണ് റൊണാൾഡോയുടെ സഹോദരിയുടെ 'ലൈക്ക് വിവാദം' എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ റൊണാൾഡോയും മറ്റ് കളിക്കാരുമായി ബന്ധപ്പെടുത്തി വിവാദപരമായ പല പ്രസ്താവനകളും, ചിത്രങ്ങളും സഹോദരി കാറ്റിയ അവെയ്‌റോ പങ്കുവയ്ക്കാറുണ്ട്.



