ലാ ലിഗയില്‍ ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് ബാഴ്‌സലോണ. ഇഞ്ചുറി ടൈമിലാണ് സമനില ഗോള്‍ വീണത്. 

വിയ്യാ റയല്‍: ലാലിഗയിൽ ബാഴ്സലോണയെ സമനിലയിൽ തളച്ച് വിയ്യാ റയൽ. ഇരു ടീമുകളും നാല് ഗോൾ വീതം നേടി. രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ബാഴ്സ നാല് ഗോളുകൾ വഴങ്ങിയത്. 12-ാം മിനുറ്റില്‍ കുടീഞ്ഞോയും നാല് മിനുറ്റുകള്‍ക്ക് ശേഷം മാല്‍ക്കവും ബാഴ്‌സയ്ക്കായി വല കുലുക്കി. 

എന്നാല്‍ 23, 50, 62, 80 മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളടിച്ച് വിയ്യാ റയല്‍ രണ്ട് ഗോള്‍ ലീഡെടുത്തു. തൊണ്ണൂറാം മിനുട്ടിൽ ലിയോണൽ മെസിയും ഇഞ്ചുറി ടൈമിൽ(90+3) ലൂയിസ് സുവാരസും നേടിയ ഗോളിലൂടെ ബാഴ്സ അപ്രതീക്ഷിതമായി സമനില പിടിച്ചെടുക്കുകയായിരുന്നു. മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ബാഴ്സ ഇറങ്ങിയത്. ലീഗിൽ 70 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

മറ്റൊരു മത്സരത്തില്‍ അത്‍ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ജിറോണയെ തോൽപിച്ചു. ഡീഗോ ഗോഡിനും അന്‍റോയിൻ ഗ്രീസ്മാനുമാണ് അത്‍ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. 62 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് അത്‍ലറ്റിക്കോ മാഡ്രിഡ്.