ബ്ലാസ്റ്റേഴ്സിനായി കൂടതല്‍ മത്സരങ്ങളിലും പകരക്കാരനായായിരുന്നു ബാരെറ്റോ കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ ഫൈനലിലുള്‍പ്പെടെ ബ്ലാസ്റ്റേഴ്സിനായി 17 മത്സരങ്ങള്‍ കളിച്ച ബാരെറ്റോ രണ്ട് ഗോളുകളും നേടി.

കൊച്ചി: ഐഎസ്എല്‍(ISL) കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters)യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന വിങ്ങർ വിൻസി ബാരെറ്റോ(Vincy Barretto) ക്ലബ്ബ് വിട്ടു. ചെന്നൈയിന്‍ എഫ് സിയാണ് (Chennaiyin FC)ബരരേറ്റോയുമായി രണ്ടുവര്‍ഷത്തെ കരാറിലെത്തിയത്. കഴിഞ്ഞ സീസണിലാണ് ബരെറ്റോ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മ‍ഞ്ഞക്കുപ്പായത്തില്‍ അരങ്ങേറിയത്.

ബ്ലാസ്റ്റേഴ്സിനായി കൂടതല്‍ മത്സരങ്ങളിലും പകരക്കാരനായായിരുന്നു ബാരെറ്റോ കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ ഫൈനലിലുള്‍പ്പെടെ ബ്ലാസ്റ്റേഴ്സിനായി 17 മത്സരങ്ങള്‍ കളിച്ച ബാരെറ്റോ രണ്ട് ഗോളുകളും നേടി. ഹൈദരാബാദ് എഫ്‌സിക്കെതിരായ ലീഗ് മത്സരത്തിൽ ബോക്‌സിന് പുറത്ത് നിന്ന് ബാരെറ്റോ അടിച്ച ഇടംകാലൻ ഗോള്‍ ആരാധകരുടെ മനസിലിടം നേടുകയും ചെയ്തു.

Scroll to load tweet…

ചെന്നൈയിൻ എഫ്‌സിയുടെ ഈ വർഷത്തെ ആദ്യ ട്രാൻസ്ഫർ കൂടിയാണിത്. ആക്രമണനിരക്ക് യുവത്വം നല്‍കാന്‍ വിൻസി ബാരെറ്റോയെ ടീമിലെത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ചെന്നൈയിൻ എഫ്‌സി സഹ ഉടമ വിറ്റ ഡാനി പറഞ്ഞു. 22-ാം വയസ്സിൽ, തന്നെ പ്രതിഭ തെളിയിച്ച ബാരെറ്റോ അടുത്ത സീസണില്‍ ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച സൈനിംഗ് ആണെന്നും വിറ്റ ഡാനി വ്യക്തമാക്കി.

Scroll to load tweet…

അടുത്തിടെ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്‍റ് ലീഗില്‍ ബാരെറ്റോ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ബാരെറ്റോ മൂന്ന് ഗോളുകൾ അടിച്ചു. ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നതിൽ താൻ വളരെ ആവേശത്തിലാണെന്നും ക്ലബ്ബിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ബാരെറ്റോ പറഞ്ഞു.

ഡെംപോ എഫ്‌സിയുടെ യൂത്ത് ടീമിന്‍റെ ഭാഗമായതിന് ശേഷം, 18ാം വയസില്‍ ബാരെറ്റോക്ക് എഫ്‌സി ഗോവയുടെ റിസർവ് ടീമിലെത്തി. മൂന്ന് വർഷം അവിടെ തുടര്‍ന്ന ബാരെറ്റോ പിന്നീട്, ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയിലെത്തി. 2020-21 ല്‍ ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബാരെറ്റോ കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. നേരത്തെ ചെന്നൈയിൻ എഫ്‌സി അനിരുദ്ധ് ഥാപ്പയുമായി രണ്ട് വർഷത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു.